മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി; സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടിപി സെൻകുമാറടക്കമുള്ളവർക്കെതിരെ കേസെടുത്തു. സെൻകുമാറും സുഭാഷ് വാസുവുമുൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് സെൻകുമാറും സംഘവും മാധ്യമപ്രവർത്തകനെതിരെ രംഗത്തെത്തിയത്. ഡിജിപി ആയിരുന്നപ്പോൾ വെള്ളാപ്പള്ളിക്ക് എതിരെയുള്ള ആരോപണങ്ങൾ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു.

സെൻകുമാറിനോടൊപ്പം വന്ന ആളുകൾ മാധ്യമ പ്രവർത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാൻ ശ്രമിക്കുകയുമുണ്ടായി. തുടർന്ന് മറ്റു മാധ്യമ പ്രവർത്തകർ ഇടപ്പെട്ടതോടെ സെൻകുമാറിനൊപ്പമെത്തിയവർ പിൻമാറുകയായിരുന്നു. ഈ സംഭവത്തിനെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ ജനരോഷം ഉയർന്നിരുന്നു.

Exit mobile version