കൊറോണ വൈറസ്; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

കോട്ടയം: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡിഎംഒ അറിയിച്ചിരിക്കുന്നത്. അതേസമയം വുഹാനില്‍ പെണ്‍കുട്ടികള്‍ അടക്കം ഇരുപതോളം മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വകലാശാലയില്‍ തന്നെ തുടര്‍ന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.

ഇരുപത് മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അവിടെയുള്ളത്. അതേസമയം ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയില്‍ ഇരുപത്തഞ്ച് പേരാണ് ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

Exit mobile version