ആലുവ മെട്രോ സ്റ്റേഷനില്‍ കവര്‍ച്ചാ ശ്രമം..! 24 മണിക്കൂറും സുരക്ഷാ വലയം, എന്നിട്ടും തസ്‌കരവിളയാട്ടം… ദുരൂഹത

ആലുവ: വീണ്ടും തസ്‌കരവിളയാട്ടത്തില്‍ ഭയന്ന് എറണാകുളം ജില്ല. ആലുവ മെട്രോ സ്റ്റേഷനില്‍ മൂന്നുകടകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. തീര്‍ത്തും സുരക്ഷാ വലയത്തിലുള്ള ആലുവ ദേശീയപാത ബൈപാസിനോട് ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. 24 മണിക്കൂറും പോലീസ് പട്രോളിങ്ങുള്ള സ്ഥലമാണിത്.

മെട്രോ സ്റ്റേഷന്റെ പ്രവേശന ഭാഗത്തുള്ള മൂന്ന് കോഫി ഷോപ്പുകളാണ് കുത്തിപ്പൊളിച്ചത്. മോഷ്ടാവ് പുറത്ത് നിന്ന് ഷീറ്റ് കുത്തി പൊളിക്കുന്നതും തലയിട്ട് കയറാന്‍ ശ്രമിക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു കടയില്‍ ഷട്ടര്‍ കുത്തി തുറന്നും രണ്ടാമത്തെ കടയുടെ ഷട്ടറിനടിയിലൂടെയുമാണ് മോഷ്ടാവ് അകത്ത് കടക്കുന്നത്. രാത്രിയില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരോ വെളിച്ചമോ ഈ ഭാഗത്തില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടികാണിക്കുന്നു. ഒരു മണിക്കൂറോളം നീണ്ട കവര്‍ച്ചാശ്രമം, എന്തുകൊണ്ട് പോലീസിന്റേയോ സുരക്ഷാ ജീവനക്കാരുടെയോ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് ചോദ്യം. വാട്ടര്‍ മീറ്റര്‍ ഉള്‍പ്പെടെ തകര്‍ന്ന സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം രൂപയിലധികം നാശനഷ്ടമുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

മാത്രമല്ല കൊച്ചി മെട്രോ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി മെട്രോ വ്യക്തമാക്കി. പോലീസില്‍ പരാതി നല്‍കുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

Exit mobile version