‘ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം’; സ്വകാര്യ ബില്ലുമായി ടിഎന്‍ പ്രതാപന്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പരസ്യ പോരിലേക്ക് പോകുന്നതിനിടയില്‍ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു.

കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്റെ ബില്ലില്‍ ആവശ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരുടെ ഇടപെടലുകള്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ബില്ലില്‍ പ്രതാപന്‍ പറയുന്നു.

ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇത്തരം പദവികള്‍ ഇല്ലാതാക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു. സമാനമായ പരാമര്‍ശം സിപിഐ നേതാവ് കാനം രാജേന്ദ്രനും പങ്കുവെച്ചിരുന്നു. ഗവര്‍ണര്‍ പദവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി, ഗവര്‍ണര്‍ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സിപിഐക്ക് ഉള്ളതെന്നും കാനം പറഞ്ഞിരുന്നു.

Exit mobile version