മംഗളൂരുവിലെ ആക്രമണത്തിന്റെ പേരിൽ 1800 മലയാളികൾക്ക് നോട്ടീസ്; സംഭവമറിയില്ലെന്ന് ഡിജിപി; നടപടി ബിജെപി മന്ത്രിയുടെ പ്രത്യേക ശുപാർശയെ തുടർന്ന്

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട് 1800ഓളം മലയാളികൾക്ക് എതിരെ നോട്ടീസ് അയച്ചത് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെയുടെ നേരിട്ടുള്ള നിർദേശ പ്രകാരം. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് കർണാടക ഡിജിപി നിലാമണി രാജുവിന്റെ മറുപടി. മലയാളികൾക്ക് നോട്ടീസ് ലഭിച്ച സംഭവം ജനപ്രതിനിധികളും സർക്കാർ പ്രതിനിധികളും കർണാടക ഡിജിപിയെ അറിയിച്ചിരുന്നു. ഇവരോട് അഡീഷനൽ ഡിജിപി അമർകുമാർ പാണ്ഡെയെ വിളിക്കാനാണ് അവർ ആവശ്യപ്പെട്ടത്. പാണ്ഡെയുമായി ബന്ധപ്പെട്ടപ്പോൾ അത് മംഗളൂരു സിറ്റി പോലീസ് കമീഷണറുടെ ചുമതലയിൽപെട്ടതാണെന്നും അദ്ദേഹത്തെ വിളിക്കണമെന്നുമായിരുന്നു നിർദേശം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയാണ് അമർകുമാർ പാണ്ഡെയെ വിളിച്ചത്.

ഡിജിപിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്ന് അറിയിച്ചതോടെ മലയാളികൾക്ക് നോട്ടീസ് അയച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. മംഗളൂരുവിൽ നടന്ന അക്രമ പ്രവർത്തനങ്ങളുടെ സിസി ടിവി ദൃശ്യങ്ങളിൽ കാണുന്നവരെ കണ്ടെത്താനാണ് മലയാളികൾക്ക് നോട്ടീസ് അയച്ചത് എന്നാണ് എംപിക്കും മറ്റ് ജനപ്രതിനിധികൾക്കും നൽകിയ മറുപടി.

അതേസമയം, മംഗളൂരുവിൽ ഡിസംബർ 19ലെ പോലീസ് വെടിവെപ്പ് ഉൾപ്പടെയുള്ള സംഭവങ്ങൾ നടക്കുന്നതിനു മുമ്പ് തന്നെ സിസിടിവി ക്യാമറകൾ എടുത്തുകൊണ്ടുപോയിരുന്നു. ഇതോടെ, സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെ ഭാഗമായാണ് നോട്ടീസ് എന്ന വാദം ഇതോടെ പൊളിയുകയാണ്. ഇനി സിസിടിവി ദൃശ്യങ്ങൾ ലഭ്യമെങ്കിൽ, വെടിവെപ്പിന്റേതും ഉണ്ടാവേണ്ടതല്ലേയെന്ന ചോദ്യത്തിന് പോലീസ് മറുപടി നൽകുന്നില്ല. അക്രമത്തിൽ പുരുഷന്മാരാണ് ഉൾപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കേരളത്തിലേക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, നോട്ടീസുകൾ ഏറെയും നൽകിയത് മലയാളികൾക്കാണ്. അതും കേരളത്തിൽനിന്നും എത്തിയവർക്ക്. ഇതോടെ അക്രമസംഭവങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന് വരുത്തി തീർക്കുകയാണ് പോലീസ് ലക്ഷ്യംവെയ്ക്കുന്നത്. ഇവരെ ചോദ്യംചെയ്ത് മംഗളൂരുവിലുള്ള ബന്ധുക്കളെ പ്രതിചേർക്കാനും നീക്കമുണ്ട്.

Exit mobile version