ഗവര്‍ണര്‍ സംയമനം പാലിക്കണം; വിമര്‍ശിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണം. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

ഗവര്‍ണറും മുഖ്യമന്ത്രിയും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ്. എന്നാല്‍ അവര്‍ തമ്മിലടിക്കുകയാണെന്ന ധാരണയാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്. അത് ആശാസ്യമല്ല. അതു പരക്കുന്നതില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുപോലെ പരാജയപ്പെട്ടു- രാജഗോപാല്‍ പറഞ്ഞു.

സ്വന്തം പരിമിതികള്‍ അറിഞ്ഞുവേണം ഗവര്‍ണറും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കാന്‍. തര്‍ക്കങ്ങള്‍ സ്വകാര്യമായി വേണം പരിഹരിക്കാന്‍. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നല്ല ബന്ധമാണ്, അതുകൊണ്ട് തന്നെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹാരത്തിന് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമായിരുന്നു. അതൊരു മര്യാദയാണ്. നിയമപരമായി അതു വേണോയെന്ന കാര്യം ഭരണഘടനാ പണ്ഡിതര്‍ പറയട്ടെ എന്നും രാജഗോപാല്‍ പറഞ്ഞു.

Exit mobile version