12 ലക്ഷത്തോളം രൂപയുടെ വിഷമരുന്ന് നാട്ടുകാരെ ‘സോപ്പിട്ട്’ വിറ്റഴിച്ചു; കരളും വൃക്കയും തകരാറിലായി കൊല്ലത്തെ നാട്ടുകാർ; വ്യാജവൈദ്യനെ വിശ്വസിച്ച നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ

അഞ്ചൽ: ആദ്യം മരുന്ന് സൗജന്യമായി നൽകി വിശ്വാസമുറപ്പിച്ച ശേഷം ലക്ഷക്കണക്കിന് രൂപയുടെ വ്യാജമരുന്നുകൾ വിറ്റഴിച്ച് വ്യാജവൈദ്യൻ. ഇയാളെ വിശ്വസിച്ച് മരുന്ന് വാങ്ങി കഴിച്ച കൊല്ലം അഞ്ചലിലെ നാട്ടുകാർ വൃക്ക രോഗവും കരൾ രോഗവും ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയിരിക്കുകയാണ്. വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് അഞ്ചലിനടുത്ത് ഏരൂർ പത്തടിയിലെ നൂറുകണക്കിന് ജനങ്ങളാണ് ആശുപത്രിയിലായിരിക്കുന്നത്. മരുന്നു കഴിച്ച നാലുവയസ്സുകാരനും ഇതിലുൾപ്പെടും.

പത്തടി റഹിം മൻസിലിൽ ഉബൈദിന്റെ മകനായ മുഹമ്മദ് അലിയെന്ന നാലുവയസുകാരനാണ് തിരുവനന്തപുരം ശിശുരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിരവധിപേർക്ക് വൃക്ക, കരൾ രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പൻ ചികിത്സിച്ചുഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് വ്യാജവൈദ്യൻ മരുന്നു നൽകിയത്. പത്തുദിവസത്തോളം മരുന്നു കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളർച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്നാണ് തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്കു മാറ്റിയത്.

കുട്ടി കഴിച്ച മരുന്നിൽ സംശയം തോന്നിയ ഡോക്ടർ വൈദ്യൻ നൽകിയ മരുന്നുകൾ പരിശോധനയ്ക്കയക്കുകയും. പരിശോധനയിൽ അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെർക്കുറി മരുന്നുകളിൽ അടങ്ങിയതായി കണ്ടെത്തുകയുമായിരുന്നു. വിവിധ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ നാഡിവൈദ്യൻ വലിയ അളവിൽ മെർക്കുറി കലർന്ന മരുന്നാണ് നൽകിയിരുന്നത്. തെലങ്കാന സ്വദേശി ലക്ഷമൺ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളിൽ മരുന്നു നൽകിയത്. മരുന്നു കഴിച്ചവർക്കെല്ലാം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നത്. ഇയാൾ മരുന്നു നൽകുന്നതിനായി 5,000 രൂപമുതൽ 20,000 രൂപവരെ വാങ്ങി. 12 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ ഇവിടെ വിറ്റതായാണ് വിവരം.

പ്രദേശത്തെ ഏതാനും ആളുകൾക്ക് വ്യാജവൈദ്യൻ സൗജന്യമായി മരുന്നു നൽകി അവരെ സ്വാധീനിച്ച് ജനങ്ങളുടെയിടയിൽ മരുന്നിന് പ്രചാരണം നൽകിയാണ് വ്യാജമരുന്നുകൾ വിറ്റഴിച്ചത്. നാട്ടുകാർ പറയുന്നതു വിശ്വസിച്ചാണ് മറ്റുള്ളവർ മരുന്നു വാങ്ങിയത്. സംഭവം പുറത്തായതോടെ വൈദ്യൻ മുങ്ങി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഏരൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Exit mobile version