തര്‍ക്കിക്കേണ്ട വിഷയങ്ങളിലെല്ലാം തര്‍ക്കിക്കാം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നിന്നൂടേ; രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്നും പ്രതിപക്ഷം അക്കാര്യം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ യോജിച്ച സമരം രാജ്യത്ത് വലിയ സന്ദേശം നല്‍കി. ഒന്നിച്ചതിന്റെ മഹാശക്തി രാജ്യം അറിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ അല്ലാതെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തോട് വീണ്ടും ആവശ്യപ്പെടുന്നത് യോജിച്ച് നിന്നൂടെ എന്നാണെന്നും തര്‍ക്കിക്കേണ്ട വിഷയങ്ങളിലെല്ലാം തര്‍ക്കിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്നത് ഇതുവരെയില്ലാത്ത പ്രതിഷേധമാണ്. പ്രതിഷേധത്തിന് ഇറങ്ങാത്തവര്‍ വരെ പ്രതിഷേധത്തിന് ഇറങ്ങി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ നിയമം വരാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version