കുഞ്ഞു ഹൃദയത്തിനായി പോലീസും ആംബുലന്‍സ് ഡ്രൈവറും ക്ലബ് എഫ്എമ്മും കൈകോര്‍ത്തു; ഗതാഗത തടസ്സങ്ങളെല്ലാം നീങ്ങി; മൂന്നുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍

തൃശ്ശൂര്‍: പോലീസും മെഡിക്കല്‍ കോളേജും ആംബുലന്‍സ് ഡ്രൈവറും ക്‌ളബ്ബ് എഫ്എമ്മും കൈകോര്‍ത്തതോടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ലഭിച്ചത് പുതുജീവന്‍. ട്രാഫിക് തടസ്സമൊന്നും നേരിടാതെ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചു.

ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ ഐസിയുവില്‍ കഴിയുകയായിരുന്ന കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടെന്നും അടിയന്തരശസ്ത്രക്രിയ ആവശ്യമാണെന്നും ശിശുരോഗവിഭാഗം കണ്ടെത്തിയിരുന്നു. ഉടനെ നവജാതശിശുക്കള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയില്‍ കുഞ്ഞിനെ ഉള്‍പ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അമൃത ആശുപത്രിയില്‍ എത്തിക്കണമെന്നറിയിച്ചെങ്കിലും ഗതാഗത തടസ്സം മുന്നില്‍ വെല്ലുവിളിയായി ഉയര്‍ന്നു. ഇതിനിടെയാണ് പോലീസും ക്ലബ് എഫ്എമ്മും രക്ഷകരായി എത്തിയത്. ഗതാഗത തടസ്സങ്ങളെല്ലാം നിയന്ത്രിക്കാന്‍ പോലീസ് പ്രയത്‌നിച്ചു.

അതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ക്ലബ്ബ് എഫ്എമ്മിന്റെ സഹായവും തേടി. മെഡിക്കല്‍ കോളേജില്‍നിന്ന് അമൃത ആശുപത്രിയിലേക്ക് കുഞ്ഞുമായി പോവുകയാണെന്നും വഴിയില്‍ തടസ്സങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വഴിയുടെ ഗൂഗിള്‍ മാപ്പ് ഷെയര്‍ ചെയ്തു.പാലിയേക്കര ടോള്‍ പ്‌ളാസ അധികൃതരുമായി ക്ലബ് എഫ് എം ബന്ധപ്പെട്ടു. പോലീസിന്റെ സഹായത്തോടെ ആംബുലന്‍സിനായി ഉടനെ വഴിയൊരുങ്ങി.

മെഡിക്കല്‍ കോളേജ് മുതല്‍ അമൃത ആശുപത്രി വരെയുള്ള ഗതാഗതതടസ്സം നീക്കി പോലീസ് കുഞ്ഞിന്റെ ജീവനായി പ്രവര്‍ത്തിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇതോടൊപ്പം ഒരുമാസം പ്രായമുള്ള കുഞ്ഞിനെയും ഹൃദയസംബന്ധമായ പരിശോധനയ്ക്കായി അമൃതയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Exit mobile version