‘ഉണ്ട’യ്ക്കായി വനത്തില്‍ മണ്ണിറക്കി; നിയമലംഘനം തടഞ്ഞ ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി

നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്

കാസര്‍കോട്: മമ്മൂട്ടി നായകനകുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി. നിയമലംഘനം തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമിച്ചതായി ആരോപണം.

സിനിമയുടെ ചിത്രീകരണത്തിന് റിസര്‍വ് വനത്തില്‍ അനുമതി നല്‍കുകയും, പിന്നീട് ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. അതേസമയം ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി, ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റിസര്‍വ് വനത്തില്‍ മണ്ണിടാനുള്ള അനുമതി നല്‍കിയ നടപടിയെ എതിര്‍ത്ത റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. ഇപ്പോള്‍ സ്ഥലംമാറ്റ നടപടിയെ കേരള അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരിക്കുകയാണ്.

റിസര്‍വ് വനത്തില്‍ ചിത്രീകരണം നടത്തുന്നതിനായി സെപ്റ്റംബര്‍ മാസത്തിലാണ് ഡിഎഫ്ഒയ്ക്ക് സിനിമാ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കുന്നത്. ഉപാധികളോടെ ഡിഎഫ്ഒ അനുമതി നല്‍കി. അതേസമയം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് നാലോ അഞ്ചോ ലോഡ് മണ്ണ് വനത്തില്‍ ഇറക്കിയതായി ആരോപണം ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റേഞ്ച് ഓഫീസര്‍ മണ്ണിറക്കുന്നത് നിര്‍ത്തിവപ്പിച്ചു.

ഒക്ടോബര്‍ പത്തിനാണ് അനുമതിയും അനുബന്ധ ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രദീപ് കുമാര്‍ നല്‍കുന്നത്. എന്നാല്‍ പിന്നീട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ന്നാണ് അനില്‍കുമാറിനെതിരെയുള്ള നടപടി.

അതേസമയം നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. സിനിമ ചിത്രീകരണത്തിന് മണ്ണ് ആവശ്യമാണെന്ന് കാണിച്ച് അപേക്ഷ നല്‍കിയപ്പോഴാണ് അതിന് അനുമതി നല്‍കിയതെന്നാണ് ഡിഎഫ്ഒ എം രാജീവന്‍ വിശദീകരണം നല്‍കിയിരുന്നു.മണ്ണിട്ട് നിര്‍മ്മിച്ച റോഡ് വനംവകുപ്പിന്റെ കൂടി ആവശ്യവും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version