ഭരണഘടന പ്രകാരം ഗവർണർ തന്നെയാണ് സംസ്ഥാനത്തിന്റെ അധിപൻ; മുഖ്യമന്ത്രിയോട് തിരിച്ചടിച്ച് ഗവർണർ

തിരുവനന്തപുരം: ഗവർണറുടെ പദവി സർക്കാരിന് മീതെയല്ലെന്ന് വിമർശിച്ച മഉഖ്യമന്ത്രിക്ക് മറുപടിയുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണർ തന്നെയാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. സിഎഎയ്‌ക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്നും പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവർണർ ഡൽഹിയിൽ ആവർത്തിച്ചു.

ഗവർണറുടെ പദവി സർക്കാരിന് മീതെയല്ല. അതറിയാത്തവർ ഭരണഘടന വായിച്ചു പഠിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വീണ്ടും ഗവർണർ രംഗത്തെത്തിയത്. നേരത്തെ, പൗരത്വ ഭേദഗതി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഗവർണർ ഉയർത്തിയത്. സർക്കാരിന് കോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാൽ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സർക്കാർ കോടതിയെ സമീപിച്ചതെന്നുമായിരുന്നു ഗവർണർ പറഞ്ഞത്.

നാട്ടുരാജാക്കൻമാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്ന സമയുണ്ടായിരുന്നെന്നും എന്നാൽ സംസ്ഥാന സർക്കാരിന് മീതെ റസിഡന്റുമാർ ഇല്ലെന്നും അതറിയാത്തവർ ഭരണഘടന വായിച്ചുപഠിക്കണം എന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനമുന്നയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഗവർണർ ഇന്ത്യൻ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും ഗവർണറുടെ നിലപാട് നിർഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഗവർണറുടെ നടപടി പ്രകോപനപരമാണെന്നും പദവിക്ക് ഭൂഷണമല്ലാത്തതാണെന്നും നേരത്തേ എൽഡിഎഫ് കൺവീനർ എ വിജയരാഘവനും പറഞ്ഞിരുന്നു.

Exit mobile version