എസ്‌ഐയെ വെടിവെച്ച് കൊന്ന അൽ ഉമ്മ പ്രവർത്തകർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും സിമിയുമായും ബന്ധം; കുറ്റം സമ്മതിച്ച് പ്രതികൾ

തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റിൽ തമിഴ്‌നാട് പോലീസിലെ എഎസ്‌ഐയെ വെടിവെച്ചുകൊലപ്പെടുത്തിയ പ്രതികൾക്ക് അൽ ഉമ്മ എന്ന തീവ്രവാദസംഘടനയോടൊപ്പം വിവിധ നിരോധിത തീവ്രവാദസംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ്. ഭരണകൂട, പോലീസ് സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പ്രതികളിലൊരാളായ അബ്ദുൽ ഷമീമിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായും ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ ‘സിമി’യുമായും ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽവച്ചാണ് തമിഴ്‌നാട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ തക്കല പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് തമിഴ്‌നാട് പോലീസ് ഇവരെ ചോദ്യംചെയ്തത്. സംഘടനയുടെ ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് അതിർത്തിയിൽ ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇതിന്റെ ഭാഗമായാണ് ചെക്‌പോസ്റ്റിൽ പൊടുന്നനെ ആക്രമണം നടത്തിയത്. ആക്രമണം നടത്തുന്നതിനായി പ്രദേശത്തെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ചിലരുടെ സഹായം ലഭിച്ചെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. തമിഴ്നാട് ഡിഐജി പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. കൃത്യം നടത്തിയ ശേഷം പ്രതികൾ ബസിലും തീവണ്ടിയിലും സഞ്ചരിക്കുകയായിരുന്നു.

അബ്ദുൽ ഷമീം ഉൾപ്പെടെ 11 പേർക്കെതിരേ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്ക് ഐഎസുമായും ഇന്ത്യയിലെ നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നും ബംഗളൂരു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദബന്ധമുണ്ടെന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് തമിഴ്‌നാട് പോലീസും വ്യക്തമാക്കി. എന്നാൽ, പ്രതികൾക്ക് കേരളത്തിൽ എന്തെങ്കിലും ബന്ധമുള്ളതായി വിവരമില്ലെന്നാണ് സംസ്ഥാന പോലീസിൽനിന്നുള്ള വിവരം.

Exit mobile version