ഏകമകനെ ബൈക്കപകടം കവർന്നതോടെ ഒറ്റയ്ക്കായ ലളിതാമ്മയ്ക്ക് 54ാം വയസിൽ ഇരട്ടകുഞ്ഞുങ്ങൾ പിറന്നു; കൂട്ടായത് ഐവിഎഫ്; സൗജന്യ ചികിത്സ നൽകി ഡോക്ടർമാരുടെ നന്മയും

തൃശ്ശൂർ: പൊന്നുപോലെ നോക്കി വളർത്തിയ മകനെ രണ്ടുവർഷം മുമ്പ് ബൈക്കപകടത്തിന്റെ രൂപത്തിൽ മരണം കവർന്നതിന്റെ കണ്ണീരിൽ കഴിയുകയായിരുന്ന ലളിത-മണി ദമ്പതികൾക്ക് കൂട്ടായി ഇരട്ടക്കുട്ടികളുടെ സ്‌നേഹമെത്തി. ഇനി ലളിതയും മണിയും ഒറ്റയ്ക്കല്ല, തൃശ്ശൂർ തലോറിലെ വീട്ടിൽ രണ്ടു കുഞ്ഞുങ്ങളെ കളിചിരികളുണ്ടാകും. ‘ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവർ. മൂത്തയാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുൽകുട്ടനെന്നും’- ഐവിഎഫിലൂടെ പിറന്ന ഇരട്ടകളെ നെഞ്ചോട് ചേർത്ത് ലളിതയും ഭർത്താവ് മണിയും ഒരേ ശബ്ദത്തിൽ പറയുന്നു.

54-ാം വയസിലാണ് ഐവിഎഫ്(ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമഗർഭധാരണ മാർഗ്ഗത്തിലൂടെ ലളിത വീണ്ടും ഗർഭിണി ആയതും ഇരട്ട ആൺ കുഞ്ഞുങ്ങളെ പ്രസവിച്ചതും. മുമ്പ് പ്രസവം നിർത്തിയിരുന്നു ഇവർ. 2017 മേയ് 17-നാണ് ബൈക്കിൽ ലോറിയിടിച്ച് ലളിതയുടേയും മണിയുടേയും ഏകമകൻ ഗോപിക്കുട്ടൻ മരിച്ചത്. ജീവിതം അവസാനിച്ചെന്ന് തോന്നിത്തുടങ്ങിയ നിമിഷത്തിലാണ് അവർ ഒരു കുഞ്ഞു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത്. 35-ാം വയസിൽ പ്രസവം നിർത്തിയ ലളിത പോംവഴിയായി കൃത്രിമഗർഭധാരണം മാത്രമായിരുന്നു. ഓട്ടോഡ്രൈവറായ മണിക്ക് ചികിത്സാച്ചെലവ് താങ്ഹാനാകുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണൻകുട്ടിയെ സമീപിക്കുകയായിരുന്നു.

തങ്ങളുടെ ദുരിതവും ആഗ്രഹവും ഡോക്ടറോട് പറഞ്ഞതോടെ മരുന്നിന്റെ തുകമാത്രം നൽകിയാൽമതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകൾ ദമ്പതികൾക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങളെ ഗർഭം ധരിച്ചു. പക്ഷേ, വിധി അവിടേയും തിരിച്ചടിച്ചു, ഒരു കുഞ്ഞിനെ ഗർഭകാലത്ത് നഷ്ടമായി. നവംബർ രണ്ടിന് തുടർചികിത്സയ്ക്കായി ലളിതയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയിൽ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോൾ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ പൂർണ ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ പറയുന്നു.

തലോറിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്‌സിങ് ഹോമിലാണു താമസം.

Exit mobile version