ആലുവ സ്വര്‍ണ്ണ കവര്‍ച്ച കേസ്; സ്വര്‍ണ്ണം വിറ്റഴിച്ച രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസ് നിര്‍ണയക വഴിത്തിരിവിലേക്ക്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണ്ണത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം ഇവരുടെ ഇടനിലയില്‍ കോട്ടയത്തെ ജ്വല്ലറിയില്‍ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളെയും നേരത്തെ പിടികൂടിയിരുന്നെങ്കിലും കവര്‍ച്ച സ്വര്‍ണ്ണ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ മെയ് പത്തിന് രാവിലെയാണ് ആലുവ എടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണ്ണം വാഹനം ആക്രമിച്ച ശേഷം കൊള്ളയടിച്ചത്. ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണമായിരുന്നു ഇത്. കവര്‍ച്ചയിലൂടെ എടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളെയും ലോക്കല്‍ പോലീസ് കണ്ടെത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Exit mobile version