പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കില്ല; പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളിലൂടെ ഒരേ സമയമുള്ള ബാങ്കുവിളി നിയന്ത്രിക്കുമെന്ന് മുസ്ലീംസംഘടനകള്‍

മലപ്പുറം: പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളിലൂടെ ഒരേ സമയമുള്ള ബാങ്കുവിളി ഒഴിവാക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് മുസ്ലീംസംഘടനകളില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഒന്നിച്ചുള്ള ബാങ്കുവിളി പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രായപ്പെട്ടത്.

പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ഥനകളിലും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ ശബ്ദംനിയന്ത്രിക്കണമെന്നും പരിസര വാസികള്‍ക്കും ജോലിക്കാര്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ് നേതാവ് പികെ. ഫിറോസും കഴിഞ്ഞദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാന്തപുരം സുന്നി നേതാവുമായ സി. മുഹമ്മദ് ഫൈസിയും ഇതേ ആവശ്യവുമുന്നയിച്ച് രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) നേതൃത്വംനല്‍കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ടികെ. അബ്ദുല്‍കരീം പറഞ്ഞു.മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നും മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച കോഴിക്കോട്ട് മതസംഘടനാ നേതാക്കളുടെ യോഗം വിളിക്കുകയും മഹല്ല് തലങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്ക്‌സമയം ഏകീകരിക്കുക, ഒന്നിലധികം പള്ളികളുള്ള സ്ഥലത്ത് ഒരുപള്ളിയില്‍നിന്നുമാത്രം ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുക, മറ്റ് കാര്യങ്ങള്‍ക്ക് പള്ളിയുടെ ഉള്‍വശത്തെ കാബിനുകള്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.ഇതോടൊപ്പം രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

Exit mobile version