കേടായ സ്‌കൂട്ടർ നന്നാക്കാൻ പണമില്ലാത്തതിനാൽ ബിബിനും അച്ഛനും നടന്നുപോയത് മരണത്തിലേക്ക്; ഇടിച്ച് തെറിപ്പിച്ചിട്ടും വാഹനം നിർത്താതെ മദ്യലഹരിയിൽ അഴിഞ്ഞാടിയ ഇരുപതുകാരനും സംഘവും

തൃശ്ശൂർ: കഴിഞ്ഞ ദിവസം നാല് യുവാക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടിയപ്പോൾ പൊലിഞ്ഞത് നാല് ജീവനുകളും തകർന്നത് രണ്ട് കുടുംബങ്ങളും. ഇരിങ്ങാലക്കുട തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഷഷ്ഠി ഉത്സവം കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെ വീട്ടിലേക്ക് തിരിച്ച കൊറ്റനെല്ലൂർ സ്വദേശികളായ സുബ്രന്റേയും ബാബുവിന്റേയും കുടുംബങ്ങളാണ് അപകടത്തോടെ അനാഥമായത്. പാഞ്ഞെത്തിയ കാർ ബാബുവിനേയും മകൻ ബിബിനേയും സുബ്രനേയും മകൾ പ്രജിതയേയും ഇടിച്ച് തെറിപ്പിച്ച് ജീവനെടുക്കുകയായിരുന്നു. ബാബുവും സുബ്രനും കൂലിപ്പണിക്കാരായിരുന്നു. കടബാധ്യതകളും അസുഖങ്ങളും അലട്ടിയിട്ടും കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന ഇരുവരും വീടിന്റെ നെടും തൂണായിരുന്ന മക്കളും മരണപ്പെട്ടതോടെ നാടിനേയും അപകടം കണ്ണീർക്കടലാക്കിയിരിക്കുകയാണ്.

ഭർത്താവും മകനും പോയതോടെ ബാബുവിന്റെ ഭാര്യ ശോഭന വീട്ടിൽ തനിച്ചായി. മകൾ ബബിതയെ വിവാഹം കഴിച്ചയച്ചതാണ്. ബബിതയുടെ ചികിത്സയ്ക്കായി ഇവർ വീട്ടിൽ നിന്നും മാറി നിന്ന ദിവസമായിരുന്നു അപകടമുണ്ടായത്. സുബ്രനും മകൾ പ്രജിതയും ഇല്ലാതായതോടെ ഭാര്യ ഉഷയും ഐടിഐ പഠനം കഴിഞ്ഞുനിൽക്കുന്ന മകൻ പ്രജിത്തും മാത്രമായി വീട്ടിൽ. ഈ വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപേയാണ് ഉഷയെത്തേടി ദുരന്ത വാർത്തയെത്തിയത്. ഒരുവശം തേക്കാത്ത ചെങ്കല്ല് വീട് ഇതോടെ നിലവിളി നിലയ്ക്കാത്തയിടമായി മാറി.

സാമ്പത്തികമായി ഏറെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടും സന്തോഷം ആഗ്രഹിച്ച് അധ്വാനിക്കുകയായിരുന്നു ബാബുവും മകൻ ബിബിനും. സുഹൃത്തുക്കളെപ്പോലെയാണ് ബാബുവും ബിബിനും കഴിഞ്ഞിരുന്നത്. ബിബിന്റെ സ്‌കൂട്ടറിനു പിന്നിൽ ഒരു കാർ തട്ടിയത് രണ്ടാഴ്ച മുമ്പാണ്. കൈയ്യിൽ പണം തികയാതിരുന്നതു കൊണ്ടു വണ്ടി നന്നാക്കാനും ഉത്സവത്തിന് പോകുമ്പോൾ കൊണഅടുപോകാനും സാധിച്ചില്ല. അതിനാലാണ് ഇരുവരും നടന്ന് പോകാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണിക്കു പണം തികയാത്തതുകൊണ്ട് ബിബിന്റെ ഓട്ടോറിക്ഷ അയൽവീടിന്റെ മുറ്റത്തു കിടക്കാൻ തുടങ്ങിയിട്ടും നാളേറെയായി. വരുമാന മാർഗ്ഗം നിലച്ചതോടെ ബിബിൻ ടൈൽസിന്റെ പണിക്കു പോവുകയായിരുന്നു. ബാബുവാകട്ടെ കൂലിപ്പണിക്കിടെ വീട്ടുമുറ്റത്തെ ഇത്തിരി ഭൂമിയിൽ പലതരം കൃഷിയും നടത്തിയിരുന്നു.

ജീവിക്കാനായി ഏറെ കഷ്ടപ്പെടുന്ന രണ്ടു കുടുംബങ്ങളേയും അനാഥമാക്കിയത് മദ്യലഹരിയിൽ ഇരുപതുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറാണ്. നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് കാറിന്റെ അമിതവേഗമെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. അപകട മേഖല എന്നെഴുതിയ ബോർഡ് ഇടിച്ചു തെറിപ്പിച്ചായിരുന്നു അപകടം.

അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ സംഘത്തിൽ പൈങ്ങോട് മാളിയേക്കൽ ആഗ്‌നൽ ആണ് കാറോടിച്ചത്. ഇയാളും മദ്യലഹരിയിലായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വളവിലെ വൈദ്യുതത്തൂണിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ അപകടത്തിൽപ്പെട്ടെന്നാണ് പ്രതികൾ പോലീസിനോടു പറഞ്ഞത്. എന്നാൽ, നിരവധിപേരെ ഇടിച്ചുതെറിപ്പിച്ച കാർ അപകടത്തിനു ശേഷവും നിർത്താൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. കാർ നിർത്താനുള്ള സന്മനസ്സെങ്കിലും യുവാക്കൾ കാട്ടിയിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാൻ കഴിയുമായിരുന്നെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ കാറോടിച്ചു പോകുകയാണ് യുവാക്കൾ ചെയ്തത്. ഇതോടെ പരുക്കേറ്റവർ ഏറെ നേരം ചോരവാർന്നു റോഡിൽ കിടന്നു. യുവാക്കളെ പിന്തുടർന്ന ചിലർ ഉത്സവത്തിരക്കിനിടെ കാറിന്റെ വേഗം കുറഞ്ഞപ്പോൾ തടഞ്ഞിട്ടു പിടികൂടുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പ്രജിത ഒഴികെയുള്ളവർ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പ്രജിത ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.

Exit mobile version