കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രം; ഇത് താലിബാൻ രീതി; ബിജെപിയെ കുറ്റ്യാടിയിൽ ജനങ്ങൾ ബഹിഷ്‌കരിച്ച് നാണംകെടുത്തിയതോടെ പ്രകോപനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: കുറ്റ്യാടിയിൽ ബിജെപി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ വിളിച്ച യോഗത്തിനോട് മുഖം തിരിച്ച് വ്യാപാരികൾ കടയടച്ച് പോവുകയും ജനങ്ങൾ പുറത്തിറങ്ങാതെ ബഹിഷ്‌കരിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ പ്രകോപിപ്പിച്ച് കെ സുരേന്ദ്രൻ. കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ലെന്നും കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവരെങ്ങനെ ഫാസിസത്തെ കുറിച്ച് വാചാലരാകുമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കെ സുരേന്ദ്രൻ പറയുന്നു.

കഴിഞ്ഞദിവസം കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ദേശരക്ഷാ മാർച്ച് തുടങ്ങും മുമ്പ് വ്യാപാരികൾ കടകൾ അടച്ചുപോയിരുന്നു. തുടർന്ന് വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഗുജറാത്ത് മറക്കരുതെന്നൊക്കെയുള്ള കൊലവിളികൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ……

Exit mobile version