ശ്രോതാക്കളുടെ ‘മഹിളാലയം ചേച്ചി’ ഇനി ഓര്‍മ്മകള്‍ മാത്രം; എസ്. സരസ്വതിയമ്മ അന്തരിച്ചു

തിരുവനന്തപുരം: ശ്രോതാക്കളുടെ പ്രിയ ‘മഹിളാലയം ചേച്ചി’ ഇനി ഓര്‍മ്മ. ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവും അവതാരകയുമായിരുന്ന എസ്. സരസ്വതിയമ്മ(86) അന്തരിച്ചു. പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളെല്ലാം കോര്‍ത്തിണക്കിയ ‘മഹിളാലയം’ എന്ന പരിപാടിയിലൂടെയാണ് സരസ്വതിയമ്മ മലയാളികള്‍ക്കിടിയില്‍ സുപരിചിതയായത്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായിരുന്ന പരേതരായ കോട്ടുകോയ്ക്കല്‍ വേലായുധന്റെയും ശാരദാമ്മയുടെയും മകളായി ജനിച്ച സരസ്വതിയമ്മ 1965-ല്‍ ആകാശവാണിയില്‍ വനിതാവിഭാഗം പരിപാടിയുടെ നിര്‍മാതാവായാണ് ജോലിയില്‍ പ്രവേശിച്ചത്. മഹിളായലയം പരിപാടി ഹിറ്റായതോടെ ‘മഹിളാലയം ചേച്ചി’എന്നാണ് സരസ്വതിയമ്മ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്കരിച്ചതിന്റെ പിന്നിലും സരസ്വതിയമ്മയുടെ നേതൃത്വമുണ്ടായിരുന്നു. ആനുകാലികങ്ങളില്‍ സ്ത്രീകളുടെ വിഷയങ്ങളെക്കുറിച്ചുള്ള കോളങ്ങളും കൈകാര്യം ചെയ്തിരുന്നു. ആകാശവാണിയിലെ അനുഭവങ്ങളെക്കുറിച്ചുള്ള ‘ആകാശത്തിലെ നക്ഷത്രങ്ങള്‍’, കുപ്പിച്ചില്ലുകളും റോസാദളങ്ങളും, അമ്മ അറിയാന്‍ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ കെ.യശോധരന്‍. മക്കള്‍: മായ പ്രിയദര്‍ശിനി, ഡോ. ഹരികൃഷ്ണന്‍ കെ.വൈ. (യു.കെ), ഗോപീകൃഷ്ണന്‍ കെ.വൈ. (ബെംഗളൂരു). മരുമക്കള്‍: പി.കുമാര്‍ (മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ദുബായ്), പഞ്ചമി ഹരികൃഷ്ണന്‍, ഡോ. അനിതാ കൃഷ്ണന്‍.

Exit mobile version