ജനങ്ങളുടെ പണമെടുത്ത് കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ; മുസ്ലിം വോട്ടുബാങ്കിനെ മുന്നണിയിലെത്തിക്കാൻ തെരുവിൽ അഭ്യാസമെന്നും പരിഹസിച്ച് കെ സുരേന്ദ്രൻ

തൃശ്ശൂർ: പൗരത്വ നിയമഭേദഗതിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയതിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനിൽപില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രൻ പരിഹസിക്കുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ? മുസ്ലിം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടിയെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങൾ. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ? മുസ്‌ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാർട്ടി ഫണ്ടിൽനിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത്.

Exit mobile version