തിരുവനന്തപുരം: പുതിയ സംസ്ഥാന വഖഫ് ബോർഡ് നിലവിൽ വന്നു. ബോർഡ് ചെയർമാനായി മുൻമന്ത്രി ടികെ ഹംസയെ തെരഞ്ഞടുത്തു. വഖഫ് ബോർഡ് എറണാകുളം ആസ്ഥാന ഓഫീസിൽവെച്ച് ചേർന്ന യോഗത്തിൽ വെച്ചാണ് തീരുമാനമുണ്ടായത്. ചെയർമാൻ സ്ഥാനത്തേക്കു ടികെ ഹംസയുടെ പേര് പിടിഎ റഹീം എംഎൽഎ ഉന്നയിക്കുകയും വഖഫ് ബോർഡ് അംഗമായ അഡ്വ. എം ഷറഫുദീൻ പിന്താങ്ങുകയും ചെയ്തതോടെ ചെയർമാനായി ടികെ ഹംസയെ എതിർപ്പുകളൊന്നുമില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വഖഫ് ബോർഡ് എറണാകുളം ആസ്ഥാന ഓഫീസിൽ ചേർന്ന യോഗ നടപടികൾക്ക് സെക്രട്ടേറിയേറ്റിൽ നിന്നുള്ള റിട്ടേർണിങ് ഓഫീസർ കൂടിയായ അഡീഷണൽ സെക്രട്ടറി ഹർഷൻ മേൽനോട്ടം വഹിച്ചു. വഖഫ് ബോർഡ് അഗങ്ങളായ, പിടിഎ റഹീം എംഎൽഎ, ഉബൈദുള്ള എംഎൽഎ, അഡ്വ. എം ഷറഫുദീൻ, എംസി മായിൻ ഹാജി, അഡ്വ. പിവി സൈനുദ്ധീൻ, പ്രൊഫസർ റഹീം, രഹ്ന, റസിയ ഇബ്രാഹിം, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിഎം ജമാൽ എന്നിവർ പങ്കെടുത്തു.