നിയമവിരുദ്ധ ഫ്‌ളാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ല; കുറ്റക്കാരെ എല്ലാവരേയും പിടിക്കും; കരാറുകാർ സർക്കാരിനെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും ജി സുധാകരൻ

റാന്നി: മരടിലെ ഫ്‌ളാറ്റുകൾ നിലംപതിക്കുന്നത് വിതുമ്പുന്ന പോലെ അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. നിയമവിരുദ്ധ ഫ്‌ളാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി എന്ത് നിർമിച്ചാലും അത് പൊളിക്കണം. ഫ്‌ളാറ്റുകൾ പൊളിക്കുന്ന വാർത്ത ചിലർ അവതരിപ്പിച്ചത് വിതുമ്പുന്ന പോലെയാണ്. എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഈ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകിയതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തിരുവാഭരണ പാതയിലെ പേരൂച്ചാൽ പാലത്തിന്റെ ഉദ്ഘാടനവും വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനവും നിർവ്വഹിക്കവേയാണ് മന്ത്രി കടുത്ത വിമർശനം ഉയർത്തിയത്. 30 വർഷം തകരാർ വരാത്തനിലയിൽ റോഡുകൾ നിർമ്മിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള വൈറ്റ് റ്റോപ് റോഡുകൾ നിർമിക്കുന്നതിന് ഒരു കിലോമീറ്ററിന് ഒന്നരക്കോടിയോളം രൂപ ചെലവു വരും. 70 പുതിയ പാലങ്ങൾ നിർമ്മിക്കുന്നിനുള്ള നടപടികൾ പൂർത്തിയായിവരുന്നു.

ജോലികൾ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കരാറുകാർ ഈ സർക്കാരിനെ വെല്ലുവിളിക്കേണ്ട. ദുർബലരായ അവർക്ക് അതിന് കഴിയില്ല. വേണ്ടിവന്നാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സമയബന്ധിതമായി കരാർ നൽകാൻ കഴിയാതെ വരുന്നത് ഉദ്യോഗസ്ഥരുടെ കുറ്റമാണ്. കരാറില്ലെങ്കിൽ ജോലിയുമില്ല. അപ്പോൾ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എംഎൽഎയും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Exit mobile version