ഗൂഗിളിലും ‘പൊളിച്ചടുക്കി’ മരട് ഫ്‌ളാറ്റുകൾ; ട്രെൻഡിങിൽ മുൻനിരയിൽ സ്ഥാനം

കൊച്ചി: നിയമലംഘനങ്ങളുടെ കോട്ടകളെന്ന് സുപ്രീംകോടതിയും കണ്ടെത്തിയതോടെ പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽ രണ്ടെണ്ണം ശനിയാഴ്ച നിലംപതിച്ചതോടെ സോഷ്യൽമീഡിയയും മരടിലേക്കാണ് ഉറ്റുനോക്കുന്നത്. നേരിട്ട് കാണാനും ടിവിയിൽ കാണാനും മാത്രമല്ല, ഇന്റർനെറ്റിലും മരട് ഫ്‌ളാറ്റുകൾ പൊളിയുന്നത്കാണാനും ജനത്തിരക്ക് തന്നെയായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽത്തന്നെ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞത് മരട് ഫ്‌ളാറ്റാണെന്ന് കണക്കുകൾ പറയുന്നു. വൈകീട്ട് ഏഴുമണി ഗൂഗിൾ ട്രെൻഡിങ്ങിൽ മരട് ഫ്‌ളാറ്റ് അഞ്ചാമതെത്തി. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ളാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്‌പോർട്സ് ഒന്നാമതും.

വൈകീട്ട് ഏഴിന്, ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളിൽ നിറഞ്ഞുനിന്നു. ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്. ആളുകളുടെ താത്പര്യം മാറുന്നതനുസരിച്ച് ഇതിൽ വ്യാത്യാസവും വരും.

Exit mobile version