കുട്ടി കാറില്‍ കയറിയെന്ന് കരുതി അമ്മ വണ്ടി വിട്ടു; പാര്‍ക്കില്‍ ഒറ്റപ്പെട്ടുപോയ കുട്ടിക്ക് രക്ഷകരായത് ജീവനക്കാരും സോഷ്യല്‍മീഡിയയും

പുറത്തൂര്‍: രണ്ടരവയസ്സുകാരി കാറില്‍ കയറിയെന്ന് വിചാരിച്ച് മാതാവ് വണ്ടി വിട്ടു. പാര്‍ക്കില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയ്ക്ക് തുണയായി എത്തിയത് ജീവനക്കാര്‍. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കില്‍ ഇന്നലെ വൈകുന്നരേം ആറിനായിരുന്നു സംഭവം.

കുട്ടിയോടൊപ്പം ബീച്ചിലെത്തിയ മാതാവും ബന്ധുക്കളും കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ വൈകിട്ട് ബീച്ചില്‍നിന്നും കാറില്‍ മടങ്ങുകയായിരുന്നു. പാര്‍ക്കില്‍ ഒറ്റപ്പെട്ടുപോയ കുട്ടി കരയുന്നത് കണ്ട ജീവനക്കാര്‍ വിവരം തിരക്കി. അമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ ഇവര്‍ വിവരം മാനേജരെ അറിയിക്കുകയായിരുന്നു.

ബീച്ചിലെ സന്ദര്‍ശകരോടെല്ലാം ജീവനക്കാര്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു വിവരം ലഭിച്ചില്ല. തുടര്‍ന്ന് മാനേജര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല. ഇതിനിടെ സാമൂഹികമാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു.

ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ മാതാവും ബന്ധുക്കളും വൈകിട്ട് ബീച്ചില്‍നിന്നു കാറില്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Exit mobile version