ഇന്ന് മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ രണ്ടാം ഘട്ടം;സ്‌ഫോടനത്തിൽ നിലംപതിക്കാൻ തയ്യാറായി ജെയിൻ കോറൽകോവും ഗോൾഡൻ കായലോരവും

കൊച്ചി: ശനിയാഴ്ച സെക്കന്റുകൾ കൊണ്ട് എച്ച് ടു ഒ ഫ്‌ളാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും പ്രശ്‌നങ്ങളില്ലാതെ നിലംപതിച്ചതിനു പിന്നാലെ മരടിൽ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്‌ഫോടനം. രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവ് ഫ്‌ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോൾഡൻ കായലോരം ഫ്‌ളാറ്റും സ്‌ഫോടനത്തിൽ തകർക്കും. രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അധികൃതർ. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകൾ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്. 122 അപ്പാർട്ട്‌മെന്റുകളുള്ള നെട്ടൂർ കായൽ തീരത്തെ ജെയിൻ കോറൽകോവാണ് പൊളിക്കുന്നതിൽ ഏറ്റവും വലിയ ഫ്‌ളാറ്റ്. ഗോൾഡൻ കായലോരത്ത് 40 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്.

അനധികൃതമായി കെട്ടിപ്പൊക്കിയ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ മൂന്നു നിർമ്മിതികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ശനിയാഴ്ച പൊളിച്ചു വീഴ്ത്തിയത്. അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയിൽ അധികൃതർ കൂടുതൽ ആത്മവിശ്വാസത്തിലായിരിക്കും. വിജയകരമായി ഫ്‌ളാറ്റ് തകർത്തതോടെ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കെട്ടിടങ്ങൾ തകർത്തതിനു പിന്നാലെ സന്തോഷം പങ്കുവെച്ചിരുന്നു.

ഫ്‌ളാറ്റ് തകർക്കുന്നതിനു മുന്നോടിയായി ഒരുക്കുന്ന സുരക്ഷാ സംവിധാനം ഇങ്ങനെ:

ജയിൻ കോറൽ കോവ്: 10.30 – 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടക്കുന്നു. 10.55 – സ്‌ഫോടനത്തിന്റെ ആദ്യ മുന്നറിയിപ്പ്. 11.00 – സ്‌ഫോടനം 11.30 – എല്ലാ റോഡുകളും തുറക്കുന്നു. 11.30 – ഒഴിപ്പിച്ച വീട്ടുകാർക്ക് വീടുകളിലേക്കു മടങ്ങാം.

ഗോൾഡൻ കായലോരം: 01.30 – 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടക്കുന്നു. 01.55 – ദേശീയപാത അടയ്ക്കുന്നു. 02.00 – സ്‌ഫോടനം 02.05 – ദേശീയപാത തുറക്കുന്നു. 02. 30 – എല്ലാ റോഡുകളും തുറക്കുന്നു. ഒഴിപ്പിക്കപ്പെട്ടവർക്കു വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.

Exit mobile version