മകനെ വിധി തട്ടിയെടുത്തിട്ടും തളരാതെ, മകനിലൂടെ മറ്റുള്ളവർക്ക് പുനർജന്മം നൽകി ഈ പിതാവ്; മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്ത് നന്മയുടെ പര്യായമായി മനോജ് കുമാർ; അഞ്ചുപേർക്ക് പുതുജീവിതം

തിരുവനന്തപുരം: തന്റെ ഏകമകനെ വിധി അപ്രതീക്ഷിതമായി തട്ടിയെടുത്തിട്ടും തളരാതെ മകനിലൂടെ മറ്റുള്ളവർക്ക് പുതുജീവൻ നൽകാൻ ശ്രമിച്ച് ധീരനായ ഈ പിതാവ്. നിറകണ്ണുകളോടെ മാത്രമെ തിരുവനന്തപുരം ശാസ്തമംഗലം ബിന്ദുല വീട്ടിൽ മനോജ് കുമാറിന്റെ സന്മനസിനെ കുറിച്ച് ആർക്കും വർണ്ണിക്കാനാകൂ. മരണാനന്തര അവയവദാനങ്ങൾക്ക് സംസ്ഥാനത്തിന് തന്നെ പ്രചോദനമായാണ് 2020 ലെ ആദ്യ ദാതാവായി മനോജ് കുമാറിന്റെ മകൻ ആദിത്യ (21) മാറിയത്. തിരുവനന്തപുരം മാർഗ്രിഗോറീസ് ലോ കോളേജിൽ നാലാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു ആദിത്യ ബി മനോജ്. ആദിത്യന്റെ അച്ഛൻ മനോജ് കുമാർ (58) സെയിൽസ് ഓഫീസറാണ്.
ഡിസംബർ 29-ന് ശാസ്തമംഗലം വെള്ളയമ്പലം റോഡിൽ രാത്രി എട്ടരയോടെ വീട്ടിലേക്കു മടങ്ങും വഴിയാണ് ആദിത്യ അപകടത്തിപ്പെട്ടത്. അമിത വേഗത്തിൽ വന്ന കാർ ശാസ്തമംഗലം വെള്ളയമ്പലം റോഡിൽ വെച്ച് ആദിത്യ ഓടിച്ചിരുന്ന ബൈക്കിലും മറ്റൊരു ബൈക്കിലും ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. ആദിത്യയ്‌ക്കൊപ്പം അപകടത്തിൽപ്പെട്ട ബാക്ക് യാത്രക്കാരനായ നെടുമങ്ങാട് സ്വദേശിയും യൂബർ ഇറ്റ്‌സ് ജീവനക്കാരനുമായ അബ്ദുൾ റഹിം സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടം വരുത്തിയ കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആദിത്യനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ജനുവരി 9-ന് ഡോക്ടർമാർ ആദിത്യന് മസ്തിഷിക മരണം സംഭവിക്കുകയായിരുന്നു. മസ്തിഷിക മരണം സ്ഥിരീകരിച്ചതോടെ കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യൂർമെൻറ് മാനേജർ (ടിപിഎം) ആയ ഡോ. മുരളീധരൻ കുടുംബാഗംങ്ങളോട് അവയവദാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. മസ്തിഷിക മരണ വാർത്തയറിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദനയിലും തളരാതെ ആദിത്യന്റെ അച്ഛൻ മനോജ് കുമാറും അമ്മ ബിന്ദുവും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം മൂളുകയായിരുന്നു. മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം സർവോദയ സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യന്റെ സഹോദരി സ്വാതികയും നിലകൊണ്ടതോടെ മൃതസഞ്ജീവനി അധികൃതരും ഡോക്ടർമാരും ചേർന്ന് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചു. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി.

ബന്ധുക്കളുടെ സമ്മതം ലഭിച്ചതോടെ സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ കെഎൻഒഎസി (മൃതസഞ്ജീവനി) അപ്പ്രോറിയേറ്റ് അതോറിറ്റിയും മെഡിക്കൽ വിദ്യാഭ്യാസ ഡിറക്ടറുമായ ഡോ. റംല ബീവിയാണ് ആദ്യം ആവശ്യമായ സഹായങ്ങൾ നൽകിയത്. മൃതസഞ്ജീവനി കൺവീനറും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ. അജയകുമാർ എംകെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവരും അവയവദാനത്തിന് സഹായങ്ങൾ നൽകി. ആദിത്യന്റെ ശവസംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 മണിക്ക് ശാസ്തമംഗലത്തുള്ള ബിന്ദുല വീട്ടിൽ (റ്റി സി 9/1418) വച്ചു നടക്കും.

Exit mobile version