ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് കരിയറിനെ കുറിച്ച് അവബോധം നൽകി ഹാന്റ് ഹോൾഡിംഗ് സെല്ലിന്റെ ശില്പശാല എംആർഎസിൽ

തൃക്കരിപ്പൂർ: സ്‌കൂൾ പഠനത്തിന് ശേഷം ഭാവി എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താൻ സഹായകരമായ ഏകദിന ശിൽപ്പശാല വെള്ളച്ചാർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നടന്നു. സ്‌കൂൾ പഠന കാലത്തു തന്നെ ഭാവിയെ സംബന്ധിച്ച് വ്യക്തമായ അവബോധം നൽകാനും കരിയർ മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായാണ് വെള്ളച്ചാർ ഗവ. എംആർഎസിൽ ഏകദിന ശിൽപശാല നടത്തിയത്.

പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഹാന്റ് ഹോൾഡിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയത്. വ്യത്യസ്ത കരിയറുകളിലേക്ക് കടന്നു ചെല്ലാൻ എസ്എസ്എൽസിക്കു ശേഷം തെരെഞ്ഞെടുക്കേണ്ട പഠന വഴി വരച്ചു കാട്ടിയ പരിശീലനം വിദ്യാർത്ഥികൾക്കു പുതിയ അനുഭവമായി. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും സ്‌കോളർഷിപ്പുകളും പരിചയപ്പെടുത്തി.

ഏകദിന കരിയർ ശിൽപശാല ഹാന്റ് ഹോൾഡിംഗ് സെൽ അഡ്മിനിസ്‌ട്രേറ്റർ രഞ്ജിത്ത് ബാലാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ വസന്ത്കുമാർ അധ്യക്ഷത വഹിച്ചു. പരിശീലകൻ കൃഷ്ണ കുമാർ ക്ലാസെടുത്തു. രാജശ്രീ, രമ്യ, രാജീവൻ പി തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ സൂപ്രണ്ട് ബഷീർ പിബി സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു.

Exit mobile version