പണിമുടക്കിനിടെ തന്നെ ബോട്ടിൽ തടഞ്ഞുവെച്ചത് നിസാര സംഭവം; സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ കാരണം; നോബേൽ ജേതാവ് മൈക്കൽ ലെവിറ്റ്

തിരുവനന്തപുരം: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ തന്നെ ദേശീയ പണിമുടക്ക് ദിനത്തിൽ സമരാനുകൂലികൾ തടഞ്ഞത് നിസാര സംഭവമെന്ന് വിശേഷിപ്പിച്ച് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ്. ടൂറിസത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നാണ് മനസ്സിലായത്. തെറ്റിദ്ധാരണ മൂലമാകാം അവർ തന്നെ തടഞ്ഞത്. എങ്കിലും രണ്ട് മണിക്കൂറോളം ഇരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമെന്നും മൈക്കൽ ലെവിറ്റ് പറഞ്ഞു. തന്നെ തടഞ്ഞ സംഭവത്തിൽ പരാതിയില്ലെന്ന് നേരത്തെ തന്നെ മൈക്കൽ ലെവിറ്റ് വ്യക്തമാക്കിയിരുന്നു. ആലപ്പുഴ കളക്ടർ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചതിനുശേഷമായിരുന്നു ലെവിറ്റിന്റെ പ്രതികരണം.

ദേശീയ പണിമുടക്ക് ദിനത്തിൽ ലെവിറ്റിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിനുപിന്നിൽ സമരാനുകൂലികൾ അല്ല സാമൂഹ്യവിരുദ്ധരാണെന്നും നേരത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

കുമരകം കാണുന്നതിനെത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികൾ നിലപാടെടുത്തു. തുടർന്ന് രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ കായലിന് നടുവിൽ കുടുങ്ങുകയായിരുന്നു.

വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ച് സഞ്ചാരികളെ തടഞ്ഞ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്.

Exit mobile version