പൗരത്വ ഭേദഗതി നിയമം; നാളെ കണ്ണൂര്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധം

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ‘സിറ്റിസണ്‍സ് സ്‌ക്വയര്‍’ നടത്തും. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പരിപാടി. പരിപാടിയില്‍ സാംസ്‌കാരിക കേരളത്തിലെ പ്രമുഖവ്യക്തിത്വങ്ങള്‍ അണിനിരക്കും.

പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം നടക്കുന്ന സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനുമുള്ള സ്‌ക്വയറില്‍ വിവിധ സമയങ്ങളിലായി ആയിരങ്ങള്‍ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ജനങ്ങളെ വേര്‍തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരമാണ് ഉയര്‍ന്നത്. പ്രതിഷേധിച്ചവരെ പോലീസ് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിച്ചത്. കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ പോലീസ് ക്രൂരമായാണ് മര്‍ദ്ദിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഗുജറാത്തിനെക്കാള്‍ ഭീതിതമായ വംശഹത്യയാണ് നടക്കുന്നത്. പ്രതികരിക്കുന്നവരുടെ വായയടപ്പിക്കുന്ന നടപടിയാണ് പോലീസ് കൈകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് വിവിധ മേഖലകളിലുള്ളവരെ ഒരുമിച്ചിരുത്തുന്നത്.

പരിപാടി കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഇടിമുഹമ്മദ്ബഷീര്‍ എംപി മുഖ്യാതിഥിയായിരിക്കും.

Exit mobile version