ഏറെ ആഗ്രഹിച്ചിട്ടും ജോലി കിട്ടിയില്ല; ഒടുവിൽ ഇൻസ്‌പെക്ടറായി ജോലി ലഭിച്ചെന്ന് പറഞ്ഞ് പോലീസ് വേഷത്തിൽ കറങ്ങി നടപ്പ് പതിവാക്കി; വൈകാതെ യുവതിയെ പോലീസും പൊക്കി

കോട്ടയം: ഏറെ പരിശ്രമിച്ചിട്ടും സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇൻസ്‌പെക്ടറായി ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച് പോലീസ് വേഷത്തിൽ കറങ്ങി നടന്ന യുവതിയെ ഒടുവിൽ യഥാർത്ഥ പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശിനിയെയാണ് പോലീസ് പിടികൂടിയത്.

ജോലി ലഭിച്ചെന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ച് പോലീസ് വേഷമണിഞ്ഞ് കഴിഞ്ഞ രണ്ടുദിവസം പകൽമുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു. ഈ രണ്ട് ദിവസങ്ങളിലും വൈകീട്ട് അഞ്ചുമണിയോടെ ഭർത്താവിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമുന്നിലേക്ക് വിളിച്ചുവരുത്തിയാണ് വീട്ടിലേക്ക് മടങ്ങിയിരുന്നതും.

എന്നാൽ, വ്യാഴാഴ്ച വൈകീട്ട് സംശയം തോന്നി വനിതാ പോലീസ് ചോദ്യംചെയ്തപ്പോഴാണ് യുവതി സത്യം പറഞ്ഞത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് പുതുപ്പള്ളി സ്വദേശിയായ യുവാവ് ഈ യുവതിയെ വിവാഹം കഴിച്ചത്. പിന്നാലെ സർക്കാർ ജോലിക്കായി ഏറെ പരിശ്രമിച്ചിരുന്നു. ഒന്നും ലഭിക്കാത്തതിനാലാണ് ഇത്തരത്തിലൊരു വേഷമണിഞ്ഞതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പോലീസ് കേസെടുക്കാതെ ഭർത്താവിനൊപ്പം യുവതിയെ പറഞ്ഞയച്ചു.

Exit mobile version