ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോർഡ് തിരിച്ച് പോയേക്കും; യോഗം ചേരുമെന്ന് എൻ വാസു

സന്നിധാനം: യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് കടന്നേക്കുമെന്ന് സൂചന. ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിച്ച് നിലപാട് എടുക്കുന്ന കാര്യത്തിൽ വരുന്ന ദേവസ്വം ബോർഡ് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോർഡ് യുവതി പ്രവേശനത്തെ പരസ്യമായി അനുകൂലിച്ചിരുന്നു. അതേസമയം, ശബരിമല പുനപരിശോധന ഹർജികളിലെ നിയമപ്രശ്‌നം തീർപ്പാക്കാൻ സുപ്രീംകോടതി ഒൻപതംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോർഡും ആലോചനകളിലേക്ക് നീങ്ങുന്നത്.

യുവതിപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയിൽ ദേവസ്വം നൽകിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനപരിശോധന ഹർജി വന്നപ്പോൾ നിലപാട് മാറ്റിയിരുന്നു. യുവതിപ്രവേശമാകാം എന്നായിരുന്നു പുനപരിശോധന ഹർജിയുടെ വാദത്തിനിടെ ദേവസ്വം ബോർഡ് പറഞ്ഞത്.

നിങ്ങൾ നിലപാട് മാറ്റിയോ എന്ന് ജസ്റ്റീസ് ഇന്ദു മൽഹോത്ര ചോദിക്കുകയും ചെയ്തിരുന്നു. യുവതിപ്രവേശനത്തെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ചുവടുമാറ്റങ്ങൾ. വിശാലബെഞ്ചിന് കേസ് വിട്ടതോടെ വിധി വരുന്നത് വരെ സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാടിലാണ് സർക്കാരും. ഭക്തർക്ക് വിരുദ്ധമായ നിലപാട് എടുക്കേണ്ടെന്നാണ് സിപിഎമ്മിലെയും ധാരണ. ഈ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡും നിലപാട് തിരുത്തുമെന്നാണ് സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയമവിദഗ്ധരുമായി ആലോചിച്ച് നിലപാട് എടുക്കുന്നതിന് മുൻപ് ദേവസ്വം ബോർഡിന്റെ യോഗം ചേരുമെന്നും സർക്കാരുമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി.

Exit mobile version