കൊച്ചിയില്‍ യുവാവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ചികിത്സ നല്‍കും; ആരോഗ്യമന്ത്രി കെകെ ശൈലജ

വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ എത്തിച്ചു.

തിരുവനന്തപുരം: കൊച്ചിയില്‍ യുവാവിന്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ.

വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടിയിപ്പോള്‍.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ കുത്തേറ്റത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള 17 മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് അടിയന്തശസ്ത്രക്രിയ നടത്തി. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോവുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗള്‍ സ്വദേശിയായ അമല്‍ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version