കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച: 70 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

പത്തനാപുരം: കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ടൗണ്‍ വണ്‍വേ റോഡില്‍ ആര്‍ജി ആശുപത്രിക്കു സമീപം ലവ്ലാന്‍ഡില്‍ നവാസിന്റെ വീട്ടിലാണു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു.

അധ്യാപികയായ ഭാര്യ സബീന വൈകിട്ട് 5.30നു ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു മോഷണം അറിയുന്നത്. മുന്‍വശത്തെ കതക് തുറന്നിട്ടനിലയില്‍ കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനാണു നവാസ്.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അത്യാവശ്യകാര്യത്തിനായി കുറച്ചു നാളുകള്‍ക്കു മുന്‍പാണ് എടുത്തത്. പിന്നീടു തിരികെ വയ്ക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗേറ്റ് പൂട്ടി കിടക്കുന്നതിനാല്‍ മതില്‍ചാടിയോ, പിന്‍വശത്തുകൂടിയോ ആണ് മോഷ്ടാക്കള്‍ എത്തിയതെന്നാണു നിഗമനം.

മുന്‍വശത്തെ വാതില്‍ കമ്പിപ്പാര പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു പൊളിച്ചനിലയിലാണ്. എല്ലാ മുറികളിലെയും അലമാര, മേശ എന്നിവ കുത്തിപ്പൊളിക്കുകയും സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 22,000 രൂപയും അപഹരിച്ചു.

മക്കളില്‍ ഒരാള്‍ തിരുവനന്തപുരത്ത് ഐടി കമ്പനിയില്‍ ജോലിയാണ്. അവിടെ തന്നെയാണു താമസം. മറ്റേയാള്‍ അടൂരില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്നു. രക്ഷിതാക്കള്‍ ജോലിക്കു പോകുന്നതിനു മുന്‍പേ മകന്‍ പഠിക്കാന്‍ പോകും. സബീനയാണ് ഒടുവില്‍ വീട്ടില്‍ നിന്നു പോകുന്നത്. ഇന്നലെ പകല്‍ ആരും വീട്ടിലുണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു.

സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനോടൊപ്പം ശാസ്ത്രീയ പരിശോധനയും നടത്തുമെന്നു പോലീസ് പറഞ്ഞു. പുനലൂര്‍ ഡിവൈഎസ്പി അനില്‍ കുമാര്‍, പത്തനാപുരം സിഐ എം അന്‍വര്‍, എസ്‌ഐ പുഷ്പകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Exit mobile version