പരസ്യ പ്രചരണം നടത്തിയുള്ള സഹായങ്ങള്‍ വേണ്ട; പാവപ്പെട്ട കുട്ടികള്‍ക്കും സ്വകാര്യതയും ആത്മാഭിമാനവുമുണ്ട്; നിര്‍ണായക നിര്‍ദേശവുമായി സര്‍ക്കാര്‍

കൊച്ചി; കൊട്ടിഘോഷിച്ച് പൊതുവേദിയില്‍ വെച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പരസ്യ പ്രചാരണം നടത്തി സഹായം നല്‍കുന്നത് കുട്ടിയുടെ സ്വകാര്യതയേയും ആത്മാഭിമാനത്തേയും ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പരസ്യ പ്രചാരണം നടത്തിയുള്ള സഹായങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

നിറഞ്ഞ സദസ്സില്‍ കുട്ടികളുടെ പേരു വിളിച്ചു സഹപാഠികളുടെയും അധ്യാപകരുടേയും മുന്നില്‍വെച്ച് സഹായധനമോ പഠനോപകരണങ്ങളോ നല്‍കുന്നതും, കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പ്രചാരണം നടത്തുന്നതും ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ഉള്‍ക്കൊണ്ട് സ്വകാര്യതയെ ബാധിക്കാത്ത വിധം സഹായം നല്‍കാം. മറ്റു കുട്ടികള്‍ക്കിടയില്‍ രണ്ടാം തരം പൗരന്മാരായി ചിത്രീകരിക്കപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സഹായം സ്വീകരിക്കുന്ന കുട്ടികള്‍ മാനസിക പ്രയാസം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്. ഇതനുസരിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പിടിഎയും സന്നദ്ധസംഘടനകളും യൂണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങിയവ നല്‍കാറുണ്ട്. പരസ്യപ്രചാരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് ഇത്തരം സഹായങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

Exit mobile version