‘നിർഭയ കേസിൽ വിധി 22ന് തന്നെ നടപ്പാക്കണം; ഗോവിന്ദച്ചാമിക്ക് കൂടി തൂക്കുകയർ ലഭിച്ചിരുന്നെങ്കിൽ എന്നാണ് പ്രാർത്ഥന; കണ്ണീരോടെ ഷൊർണൂരിലെ പെൺകുട്ടിയുടെ അമ്മ

പാലക്കാട്: നിർഭയ കേസിലെ പ്രതികൾക്ക് മരണ വാറണ്ട് പുറപ്പെടുവിച്ച സംഭവത്തിൽ പ്രതികരിച്ച് ഗോവിന്ദച്ചാമി തീവണ്ടിയിൽനിന്ന് തള്ളിയിട്ട് ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ഡൽഹി നിർഭയ കേസിൽ വധശിക്ഷ നേരത്തെതന്നെ നടപ്പാക്കേണ്ടിയിരുന്നുവെന്ന് സുമതി പ്രതികരിച്ചു. ഈ മാസം 22 എന്ന തിയതി ഉണ്ടെങ്കിൽ അന്നുതന്നെ നിർഭയയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ തൂക്കിലേറ്റണം. അപ്പോൾ മാത്രമാകും ആ കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കുകയെന്നും അവർ പ്രതികരിച്ചു.

സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ വിധിയെ എതിർത്ത് സംസാരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അവരുടെ മക്കൾക്ക് ഇത് സംഭവിച്ചിരുന്നതെങ്കിൽ അവർ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. എന്റെ വേദനയാണ് ആ കുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്നത്. എന്റെ മകളെ ഇത്രയേറെ വേദനിപ്പിച്ച് ഇല്ലാതാക്കിയ ഗോവിന്ദച്ചാമി ഇന്ന് സുഖമായി ജീവിക്കുന്നു. ഗോവിന്ദച്ചാമിക്ക് കൂടി തൂക്കു കയർ ലഭിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ പ്രാർഥിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2011 ഫിബ്രവരിയിലാണ് തീവണ്ടിയിലെ ആളൊഴിഞ്ഞ ബോഗിയിൽ യാത്രചെയ്തിരുന്ന 23കാരിയെ ഗോവിന്ദച്ചാമി എന്ന യാചകൻ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും പെൺകുട്ടി കൊല്ലപ്പെടുന്നതും.

Exit mobile version