ദേശീയ പണിമുടക്ക്; ബുധനാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി സർവകലാശാലകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാകെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബുധനാഴ്ചത്തെ ദേശീയ പണിമുടക്കിനെ തുടർന്നു അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എംജി സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷകൾ 13നും രണ്ടാം സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ മൈക്രോ ബയോളജി/ബയോകെമിസ്ട്രി (പാർട്ട് 2) പരീക്ഷകൾ 15നും എട്ടാം സെമസ്റ്റർ ബിഎഎൽഎൽബി പരീക്ഷകൾ 16നും നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.

ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുക, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Exit mobile version