ബിജെപി ഗൃഹസമ്പര്‍ക്ക ലഘുലേഖ ക്യാംപെയിനില്‍ ഫോട്ടോ എടുത്തു; നാസര്‍ ഫൈസി കൂടാത്തായ്‌ക്കെതിരെ നടപടിയുമായി സമസ്ത; എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപി ക്യാംപെയിനില്‍ ഫോട്ടോ എടുത്ത സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്തു.

ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക ലഘുലേഖ ക്യാംപയിനിലാണ് നാസര്‍ ഫൈസി കൂടത്തായി ഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്. പൗരത്വ നിയമത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ ഒന്നിച്ചതിനിടെയാണ് ബിജെപി പ്രചാരണത്തെ അനുകൂലിക്കുന്നു എന്നതരത്തില്‍ നേതാവിന്റെ ഫോട്ടോ പ്രചരിച്ചത്.

ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ നാസര്‍ ഫൈസിക്കെതിരെ സമസ്തയില്‍ നിന്നടക്കം വ്യാപക പ്രതിഷേധമുയര്‍ന്നു.നാസര്‍ ഫൈസിക്കെതിരെ പരസ്യ വിമര്‍ശനവുമായി കോഴിക്കോട് ഖാദിയും എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്.

വലിയ തെറ്റാണ് ചെയ്തതെന്നും എത്ര വലിയ ആളായാലും അത് തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും എത്തി.

പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ് നാസര്‍ ഫൈസി രംഗത്തെത്തിയിരുന്നു. ലഘുലേഖ വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താനത് നിരസിക്കേണ്ടതായിരുന്നു. എന്നാല്‍ തനിക്കതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. താന്‍ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തില്‍ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവര്‍ത്തകരോടും താന്‍ നിര്വ്യാജം മാപ്പ് ചോദിക്കുന്നുവെന്ന് നാസര്‍ ഫൈസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Exit mobile version