സ്‌ഫോടക വസ്തുക്കള്‍ നിറച്ചു; ആശങ്കയെത്തുടര്‍ന്ന് മരട് പ്രദേശവാസികള്‍ മാറി തുടങ്ങി

കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കലിന് മുന്നോടിയായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങിയതോടെ പ്രദേശവാസികള്‍ മാറി താമസിക്കാന്‍ തുടങ്ങി. നിര്‍ദ്ദേശം നല്‍കുന്നതിന് മുമ്പ് തന്നെ ഇവര്‍ സാധനങ്ങള്‍ എടുത്ത് മറ്റു വീടുകളിലേക്ക് അഭയം തേടി.

ആറുദിവസം മുമ്പ് പ്രദേശത്ത് നിന്നും മാറാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ സബ്കളക്ടര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രദേശവാസികള്‍ നടത്തുന്നത്.

ഫ്‌ളാറ്റ് പൊളിക്കലിന് മുമ്പ് പ്രദേസവാസികള്‍ക്ക് നല്‍കേണ്ടിയിരുന്ന ബോധവത്കരണം കൊടുത്തിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പരിസരത്ത് നിന്നും ഇവരെ മാറ്റേണ്ടതുമായി ബന്ധപ്പെട്ട് നടന്ന ആദ്യമീറ്റിങ്ങ് കഴിഞ്ഞ ദിവസമായിരുന്നു.

എന്നാല്‍ കൗണ്‍സിലേഴ്‌സിനെ ഉള്‍പ്പെടുത്തിയായിരുന്നു മീറ്റിംഗ് നടന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ തങ്ങളെ കയറ്റുക പോലും ചെയ്തില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന ദിവസം വീടുകളില്‍ നിന്ന് മാറിയാല്‍ മതിയെന്ന് കളക്ടര് പറയുമ്പോള്‍ ഒന്‍പതാം തിയതി കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നത് പ്രതിസന്ധിയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version