അങ്ങനെ ഒരു മകളില്ല; ഒരു നിലവാരമുണ്ട് തനിക്ക്, ഇത്തരം വിഡ്ഢിത്തരങ്ങളോട് പ്രതികരിക്കാനില്ല; മലയാളി യുവതിയുടെ വാദങ്ങളെ തള്ളി അനുരാധ പഡ്വാൾ

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക പത്മശ്രീ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട മലയാളി യുവതി രംഗത്തെത്തിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി ഗായിക. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും ഇത്തരം വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നും അനുരാധ പറഞ്ഞു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ വിശദീകരിച്ചു.

അനുരാധ പഡ്വാൾ മാതൃത്വം അംഗീകരിക്കണമെന്നും തന്റെ ബാല്യകാലവും മാതൃസ്‌നേഹവും നഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരമായി 50 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് കർമ്മല മോഡെക്‌സ് എന്ന യുവതിയാണ് ജില്ലാകോടതിയെ സമീപിച്ചത്. വർക്കലയിലാണ് കർമ്മലയുടെ താമസം.

അനുരാധയ്‌ക്കെതിരെ കർമ്മലയുടെ വാദങ്ങൾ ഇങ്ങനെ: അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരായത്. 1974ൽ കർമ്മല ജനിച്ചു. സംഗീത ജീവിതത്തിൽ തിരക്കേറിയതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വർക്കല സ്വദേശികളായ പൊന്നച്ചൻ-ആഗ്‌നസ് ദമ്പതികളെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. സൈനികനായിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോൾ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അനുരാധയും ഭർത്താവും വന്നിരുന്നെങ്കിലും, എന്നാൽ കുട്ടി അവർക്കൊപ്പം പോകാൻ തയ്യാറാവാത്തതിനാൽ അവർ തിരിച്ചുപോവുകയായിരുന്നു.

പൊന്നച്ചന്റെയും ആഗ്‌നസിന്റെയും മൂന്ന് മക്കൾക്കൊപ്പമാണ് താൻ വളർന്നതെന്നും പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ 10ാം ക്ലാസിനു ശേഷംപഠനം തുടരാൻ സാധിച്ചില്ലെന്നും കർമ്മല പറയുന്നു. മൂന്ന് വർഷങ്ങൾക്കു മുമ്പ് മരണക്കിടക്കയിൽ വച്ചാണ് പൊന്നച്ചൻ ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയതെന്നും അന്നു മുതൽ അനുരാധയെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയായ മറ്റു രണ്ടു മക്കൾ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്നാണ് കർമ്മല അവകാശപ്പെടുന്നത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കർമ്മലയുടെ ആവശ്യം.

കേസ് ജനുവരി 27നാണ് കോടതി പരിഗണിക്കുക. അനുരാധ പഡ്‌വാളിനെയും രണ്ട് കുട്ടികളെയും നേരിട്ട് ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ് പറഞ്ഞു. കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് ഗായകനെയും രണ്ട് മക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അവരിൽ നിന്ന് ഒരിക്കലും നല്ല പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹവും വ്യക്തമാക്കിയിരുന്നു. അനുരാധ പഡ്‌വാളും അരുൺ പഡ്‌വാളും കർമ്മലയുടെ അവകാശവാദം നിരസിക്കുകയാണെങ്കിൽ, അവർ ഡിഎൻഎ പരിശോധന ആവശ്യപ്പെടുമെന്നും പ്രസാദ് പറഞ്ഞിരുന്നു.

Exit mobile version