‘ ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും; നിയമസഭ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയത്; ഗവര്‍ണര്‍ക്ക് മറുപടിയായി സ്പീക്കര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ മറുപടിയുമായാണ് സ്പീക്കര്‍ രംഗത്ത് എത്തിയത്.

ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടുമെന്നും, മതത്തിന്റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി ഇതിന്റെ ലംഘനമാണ്. ഭരണഘടനയില്‍ നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ല. നിയമസഭ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു.

ഒരു സഭയ്‌ക്കെതിരെ മറ്റൊരു സഭയില്‍ അവകാശ ലംഘനം നിലനില്‍ക്കില്ല. അങ്ങനെ അവകാശ ലംഘനം എടുക്കണമെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല സ്പീക്കര്‍ക്കെതിരെയും മറ്റ് അംഗങ്ങള്‍ക്കെതിരെയും എടുക്കട്ടെയെന്നും അത് നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ സിപിഎം കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതോടെ ഗവര്‍ണ്ണര്‍ ഒരു വശത്തും ഭരണപക്ഷവും പ്രതിപക്ഷവും മറുവശത്തുമായുള്ള തര്‍ക്കം ശക്തമാവുകയാണ്.

Exit mobile version