സിനിമകളിലെ നായകന്മാരുടെ ഹീറോയിസവും മറ്റും പുകവലിക്ക് പ്രേരണയായി, ദിവസവും രണ്ട് പാക്കറ്റോളം സിഗറ്റ് വലിച്ചിരുന്നുവെന്ന് പി ശ്രീരാമകൃഷ്ണന്‍; ഒറ്റയടിക്ക് ആ ദുശീലം നിര്‍ത്തിയത് ഇങ്ങനെ

P Sreeramakrishnan | Bignewslive

സിനിമകളിലെ നായകന്മാരുടെ ഹീറോയിസവും മറ്റും പുകവലിക്ക് പ്രേരണയായെന്ന് സിപിഎം നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍. ലോകപുകയില വിരുദ്ധ ദിനാചരണത്തില്‍ തന്റെ ദുശീലവും തുറന്നു പറയുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനകാലം തൊട്ട് ആരംഭിച്ച പുകവലിയെന്ന ദുശ്ശീലം ഒറ്റയടിക്ക് നിര്‍ത്തിയതിന്റെ കഥയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

ദിവസം രണ്ട് പാക്കറ്റ് വരെ സിഗരറ്റ് വലിച്ചിരുന്ന അദ്ദേഹം ഒരു ചൈന യാത്രയ്ക്ക് ശേഷമാണ് പുകവലി എന്നെന്നേക്കുമായി ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറയുന്നു. അതിനുള്ള പ്രചോദനമായതാകട്ടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ഒരു ചടങ്ങുമാണ്. പുകവലി ഉപേക്ഷിച്ചതോടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടായെന്നും. ശ്രീരാമകൃഷ്ണന്‍ പറയുന്നു.

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒറ്റയടിക്ക് ആ തീരുമാനം കൈക്കൊള്ളുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശൗചാലയത്തില്‍ പോകുമ്പോഴും ഭക്ഷണം കഴിച്ച് കഴിഞ്ഞും പുകവലി അനിവാര്യമായവര്‍ ആദ്യം അത് നിര്‍ത്താന്‍ശ്രമിക്കണം. പുകവലി കാരണമുണ്ടാകുന്ന അസുഖങ്ങളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ നോക്കുന്നതും പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കഥ ഇങ്ങനെ;

സ്‌കൂള്‍ കാലത്ത് തുടങ്ങിയ ദുശ്ശീലം കോളേജ് കാലം പിന്നിട്ടിട്ടും തുടര്‍ന്നു. ദിവസം രണ്ട്-രണ്ടര പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്നു. ഒടുവില്‍ സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡില്‍ അംഗമായിരിക്കെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ഒരു ചടങ്ങാണ് എല്ലാംമാറ്റിമറിച്ചത്. 2007-08 കാലഘട്ടത്തിലായിരുന്നു ആ സംഭവം.

ലഹരിമരുന്നിനെതിരേ സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിനൊടുവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നിനെതിരേ പ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട കര്‍ത്തവ്യവും തനിക്കായിരുന്നു. എന്നാല്‍, ഞാന്‍ പുകവലിക്കുന്ന ആളാണെന്നും താന്‍ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നത് ശരിയല്ലെന്നും കോളേജിലെ ഫാദറിനോട് പഞ്ഞു. പക്ഷേ, അവരുടെ നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാമനസോടെ പ്രതിജ്ഞ ചൊല്ലിനല്‍കി.

പിറ്റേദിവസവും പതിവ് പോലെ എ.കെ.ജി. സെന്ററിനടുത്ത കടയിലേക്ക് സിഗരറ്റ് വാങ്ങാന്‍ പോയപ്പോള്‍ ഉള്‍വിളിയുണ്ടായി. തലേദിവസം വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്ത ഞാന്‍ തന്നെ, സിഗരറ്റ് വാങ്ങുന്നത് സ്വയം ചമ്മലുണ്ടാക്കി. പക്ഷേ, ദിവസങ്ങള്‍ക്ക് ശേഷം ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് വീണ്ടും രണ്ട് പാക്കറ്റ് സിഗരറ്റ് വാങ്ങി.

അന്നൊരു തീരുമാനവും എടുത്തു. ഈ സിഗരറ്റ് വലിക്കാതെ തിരിച്ചുവന്നാല്‍ പിന്നെ ഒരിക്കലും വലിക്കില്ലെന്നായിരുന്നു ആ തീരുമാനം. ചൈനയിലെത്തിയപ്പോള്‍ പനി പിടിച്ചതോടെ രുചിയും നഷ്ടമായി. സിഗരറ്റ് കൈകൊണ്ട് തൊട്ടതുപോലുമില്ല. ഒടുവില്‍ യാത്രകഴിഞ്ഞ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിലേക്ക് ആ സിഗരറ്റ് പാക്കറ്റുകള്‍ വലിച്ചെറിഞ്ഞു. നേരത്തെയെടുത്ത തീരുമാനം നടപ്പിലാക്കി, എന്നെന്നേക്കുമായി പുകവലി ഉപേക്ഷിച്ചു.

പുകവലി നിര്‍ത്തിയതോടെ ജീവത്തില്‍ കുറെയേറെ മാറ്റങ്ങള്‍ ഉണ്ടായി. രാത്രി സെക്കന്റ് ഷോ കണ്ട് സിഗരറ്റുകള്‍ വലിച്ചുകൂട്ടിയിരുന്ന ആളായിരുന്നു ഞാന്‍. രാവിലെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലായിരുന്നു. പുകവലി ഉപേക്ഷിച്ചതോടെ എന്റെ പ്രഭാതങ്ങള്‍ ഏറെ മനോഹരമായി. ആത്മവിശ്വാസം വര്‍ധിച്ചു. രുചി കൂടി. മുഖത്തെ പാടുകളൊക്കെ പോയി. പുകവലിക്കുന്ന കാലത്ത് വീട്ടിലാകെ പുകയുടെ മണമായിരുന്നു. ഞാന്‍ ജനലിലും മറ്റും ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റി ഒരുവയസുണ്ടായിരുന്ന മകള്‍ വായിലിട്ടതും ആരോഗ്യപ്രശ്‌നങ്ങളുണ്ടായതുമെല്ലാം ഓര്‍മയുണ്ട്. ഞാന്‍ കാരണം കുടുംബാംഗങ്ങള്‍ പാസീവ് സ്‌മോക്കേഴ്‌സ് ആവുകയായിരുന്നു.

Exit mobile version