കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തതിനാൽ; ആവർത്തന വിരസതയെന്ന് മലയാളിയായ ജൂറി അംഗം

ന്യൂഡൽഹി: ഇത്തവണയും റിപ്പബ്ലിക് ദിനപരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം ജയപ്രഭ മേനോൻ. ആവർത്തന വിരസതയുള്ള ഫ്‌ലോട്ടാണ് കേരളം സമർപ്പിച്ചതെന്ന് ജയപ്രഭ മേനോൻ പറഞ്ഞതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആദ്യം സമർപ്പിച്ച നിശ്ചല ദൃശ്യം നിർദേശങ്ങൾ നൽകി മടക്കിയെന്നും എന്നാൽ രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തത് ആയിരുന്നുവെന്നും ജൂറി അംഗം കുറ്റപ്പെടുത്തി.

കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉൾപ്പെടുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചല ദൃശ്യം. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെടുന്നത്.

നേരത്തെ മഹാരാഷ്ട്രയടേയും പശ്ചിമ ബംഗാളിന്റെയും ഫ്‌ളോട്ടുകളെ പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്ന ആക്ഷേപം ത്രിണമൂൽ കോൺഗ്രസ് ഉയർത്തുകയും ചെയ്തു.

Exit mobile version