കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം മുടക്കിയിട്ടില്ല, മന്ത്രിയായ താൻ ആ അപേക്ഷ കണ്ടിട്ടുപോലുമില്ലെന്ന് മുരളീധരൻ; അന്ന് മുരളീധരൻ മന്ത്രിയായിരുന്നില്ലല്ലോ എന്ന് തിരുത്തൽ; നാണക്കേട്

തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ മന്ത്രിമാർ വിദേശത്തേക്ക് സഹായം തേടി പുറപ്പെടാനൊരുങ്ങിയപ്പോൾ കേന്ദ്രസർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് ഇപ്പുറം വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി മണ്ടത്തരം പറഞ്ഞ് ശ്രദ്ധേയനാവുകയാണ് കേന്ദ്ര വിദേശകാര്യ സഹമനത്രി വി മുരളീധരൻ. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ലെന്ന് വി മുരളീധരൻ സ്വകാര്യ ചാനലിന്റെ ചർച്ചയിലാണ് അവകാശപ്പെട്ടത്.

കേരള ഗവൺമെന്റിലെ മന്ത്രിമാർ വിദേശയാത്രയ്ക്ക് വേണ്ടി നൽകിയ അപേക്ഷകളിൽ ഒരെണ്ണംപോലും നിരസിച്ചിട്ടില്ലെന്നും അത് തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ തന്നെ എല്ലാ സംസ്ഥാനത്തേയും മുഖ്യമന്ത്രിയും സ്പീക്കറും ഒഴിച്ചുള്ള ബാക്കി മന്ത്രിമാരുടെയും, എംപിമാരുടെയും വിദേശയാത്രയ്ക്കുള്ള അന്തിമ അനുമതിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ തന്റെ ചുമതലയാണെന്നും അതുകൊണ്ട് തന്നെ കേരളത്തിൽനിന്നുള്ള ഒരു ശുപാർശപോലും നിരസിച്ചിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും വി മുരളീധരൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ചില മന്ത്രിമാരെ വിലക്കിയിട്ടുണ്ടെന്നും പക്ഷെ കേരളത്തിൽനിന്നുള്ള ഒരു മന്ത്രിയെ പോലും വിലക്കിയിട്ടില്ലെന്നും അദ്ദേഹം തുടർന്ന് വിശദീകരിച്ചു. അതുകൊണ്ട് കേരളത്തിലെ മന്ത്രിമാരെ പുറത്തുപോകുന്നതിനു വിലക്കിയെന്നു പറയുന്നത് പ്രചരണം മാത്രമാണ്. അങ്ങനെ ഒരു അപേക്ഷയേ വന്നിട്ടില്ല. എന്റെ അറിവിൽ അങ്ങനെയൊരു അപേക്ഷയേ വന്നിട്ടില്ല- എന്നായിരുന്നു വി മുരളീധരന്റെ വാക്കുകൾ.

വിദേശയാത്ര പോകുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടാവാം എന്നാൽ, അതിനു വേണ്ടിയുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയത്തിൽ നൽകിയിട്ടുണ്ടോയെന്നാണ് സംസ്ഥാന സർക്കാർ പറയേണ്ടത്. അങ്ങനെ തന്റെ അറിവിൽ ഒരു അപേക്ഷ വന്നിട്ടില്ല. ആരുടെയൊക്കെ അപേക്ഷകളാണ് അങ്ങനെ തടസ്സപ്പെട്ടതെന്ന് സർക്കാർ പറയണമെന്നും മുരളീധരൻ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സഹമന്ത്രിയുടെ ഈ ആവേശം കേവലം മണ്ടത്തരവും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അതേ ചർച്ചയിൽ പങ്കെടുത്ത ലോക കേരള സഭാ പ്രതിനിധി എൻ അജിത് കുമാർ ചൂണ്ടിക്കാണിച്ചതും ശ്രദ്ധേയമായി. മുരളീധരന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നാണ് അജിത് കുമാർ അഭിപ്രായപ്പെട്ടത്. 2018 ഓഗസ്റ്റിലാണ് കേരളത്തിൽ പ്രളയമുണ്ടായത്. 2018 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഗൾഫിലെ എല്ലാ രാജ്യങ്ങളിലേക്കും പോകാൻ തീരുമാനിച്ചത്. ഗവൺമെന്റ് സെക്രട്ടറിമാരടക്കം എല്ലാവർക്കും വിസ അടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ മോഡി സർക്കാർ അത് വിലക്കി. അന്ന് മുരളീധരൻ കേന്ദ്രമന്ത്രി അല്ലെന്നും അജിത് കുമാർ പറഞ്ഞു.

2019 മേയിലാണ് മുരളീധരൻ രണ്ടാം മോഡി സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാം മോഡി സർക്കാരിന്റെ കാലത്താണ് പ്രളയവും വിദേശയാത്ര വിവാദവും ഉണ്ടായതും. അങ്ങനെയെങ്കിൽ വി മുരളീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായത് ബിജെപിക്ക് തന്നെ നാണക്കേടാവുകയാണ്.

Exit mobile version