പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണ്; പണ്ട് വളർത്താൻ ഏൽപ്പിച്ചതാണ് മലയാളി ദമ്പതികളെ; 3 വർഷം മുമ്പാണ് സത്യം മനസിലാക്കിയത്; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

തിരുവനന്തപുരം: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി കോടതിയെ സമീപിച്ചു. തിരുവനന്തപുരത്ത് താമസമാക്കിയ കർമ്മല മോഡെക്‌സ് എന്ന യുവതിയാണ് അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അനുരാധയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും മക്കളായ ആദിത്യ പഡ്വാൾ, കവിത പഡ്വാൾ എന്നിവർക്കൊപ്പം ജനുവരി 27ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കർമ്മലയുടെ അഭിഭാഷകൻ പറയുന്നത്.

അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരായത്.1974-ൽ കർമ്മല ജനിച്ചു. സംഗീതജീവിതത്തിൽ തിരക്കേറിയതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വർക്കല സ്വദേശികളായ പൊന്നച്ചൻ-ആഗ്‌നസ് ദമ്പതികളെ ഏൽപ്പിച്ചുവെന്നാണ് കർമ്മല എന്ന യുവതിയുടെ അവകാശവാദം. സൈനികനായിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോൾ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അനുരാധയും ഭർത്താവും വന്നിരുന്നെങ്കിലും. എന്നാൽ കുട്ടി അവർക്കൊപ്പം പോകാൻ തയ്യാറാവാത്തതിനാൽ തിരിച്ചുപോവുകയായിരുന്നു.

പൊന്നച്ചന്റെയും ആഗ്‌നസിന്റെയും മൂന്ന് മക്കൾക്കൊപ്പമാണ് താൻ വളർന്നതെന്നും പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ 10-ാം ക്ലാസിനു ശേഷംപഠനം തുടരാൻ സാധിച്ചില്ലെന്നും കർമ്മല പറയുന്നു. മൂന്ന് വർഷങ്ങൾക്കു മുമ്പ് മരണക്കിടക്കയിൽ വച്ചാണ് പൊന്നച്ചൻ ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയതെന്നും അന്നു മുതൽ അനുരാധയെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു. പ്രായപൂർത്തിയായ മറ്റു രണ്ടു മക്കൾ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്ന് കർമ്മല അവകാശപ്പെടുന്നു. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കർമ്മലയുടെ ആവശ്യം. അതേസമയം, യുവതിയുടെ അവകാശ വാദത്തെക്കുറിച്ച് ഗായിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version