അദീബിന്റെ സാലറി വിഷയത്തില്‍ ലീഗ് നേതാവ് ഫിറോസ് വില കുറഞ്ഞ ആരോപണങ്ങള്‍ ആയിരം വട്ടം പറഞ്ഞാലും സത്യമാവില്ലെന്ന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍! വ്യക്തിഹത്യാപരമായ നുണകള്‍ക്ക് എതിരെ നിയമ നടപടിക്കെന്ന് കെടി അദീബ്

സാലറി സ്ലിപ്പ് എടുത്താണ് ഫിറോസ് കളിക്കുന്നത്, എന്നാല്‍ അതിലെ നിജസ്ഥിതി മറ്റൊന്നാണെന്നും തെളിവുകളോടു കൂടി കണക്കുകള്‍ അദ്ദേഹം നിരത്തി.

കോഴിക്കോട്: ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിന്ന് രാജി വെച്ച കെടി അദീബിന്റെ സാലറി സ്ലിപ്പ് കാണിച്ചു കൊണ്ട് ലീഗ് നേതാവ് ഫിറോസ് കോര്‍പ്പറേഷനെതിരെയും വകുപ്പ് മന്ത്രിക്കെതിരെയും ഉയര്‍ത്തുന്ന പുതിയ ആരോപണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എപി അബ്ദുല്‍ വഹാബ് രംഗത്ത് വന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പറയാന്‍ അഞ്ച് തവണയാണ് പുതിയ തെളിവുകള്‍ എന്ന നിലയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പത്രസമ്മേളനം വിളിച്ചു കൂട്ടിയത്.

മന്ത്രിയെയും വകുപ്പിനെയും ലക്ഷ്യം വെച്ച് കൊണ്ട് പറയുന്ന പച്ചക്കള്ളങ്ങള്‍ ആയിരം വട്ടം പറഞ്ഞാലും സത്യമാവില്ലെന്നും, അധികകാലം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അലവന്‍സ് കാണിക്കാത്ത സാലറി സ്ലിപ്പ് മാത്രം എടുത്താണ് ഫിറോസ്, മന്ത്രിയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നത്, എന്നാല്‍ നിജസ്ഥിതി മറ്റൊന്നാണെന്നും തെളിവുകളോടു കൂടി കണക്കുകള്‍ നിരത്തി അദ്ദേഹം
പറയുന്നു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്ന അദീബിന് അവിടെ ലഭിച്ചിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളുമടക്കം ഏകദേശം ഒരു ലക്ഷത്തി പതിനായിരത്തോളം രൂപയാണ് മാസംതോറും കിട്ടിക്കൊണ്ടിരുന്നത്. ഇതില്‍ ശമ്പളം മാത്രമാണ് 85664/= രൂപ. ഓരോ മാസത്തെയും വിവിധ അലവന്‍സുകളും വാര്‍ഷിക ബോണസിന്റെയും മറ്റു വാര്‍ഷിക ആനുകൂല്യങ്ങളുടെയും പ്രതിമാസ വിഹിതവും ഒഴിവാക്കി സാലറി പേ സ്ലിപ്പ് മാത്രം ചൂണ്ടിക്കാട്ടി ചില തല്‍പര കക്ഷികള്‍ നുണപ്രചരണം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സൗത്ത് ഇന്ത്യന്‍ ബാങ്കിലോ ദേശസാല്‍കൃത ബാങ്കുകളിലോ ജോലി ചെയ്യുന്ന ആരോട് ചോദിച്ചാലും ഇതിന്റെ നിജസ്ഥിതി ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച ഒരാള്‍ക്ക് ഒരിക്കലും പ്രസ്തുത സ്ഥാപനം വേറൊരു സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാന്‍ എന്‍ഒസി നല്‍കില്ലെന്നിരിക്കെ പച്ചക്കള്ളം തട്ടിവിട്ട് വകുപ്പ് മന്ത്രിയെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഫിറോസിന്റെ ആരോപണങ്ങള്‍ വ്യക്തിപരമായി നീങ്ങുന്നതിനാല്‍ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് രാജിവെച്ച ജനറല്‍ മാനേജര്‍ കെടി അദീബ് ബിഗ് ന്യൂസിനോട് പറഞ്ഞു.

Exit mobile version