ഇത് വെറൈറ്റി ‘ലുങ്കി മാര്‍ച്ച്’; ഇനി ലുങ്കി ഉടുത്ത് ധൈര്യമായി ആഢംബര ഹോട്ടലുകളില്‍ കയറിക്കോളൂ; ആരും തടയില്ല

കോഴിക്കോട്: ലുങ്കി ഉടുത്ത് പൊതുസ്ഥലങ്ങളില്‍ പോകാന്‍ പലര്‍ക്കും മടിയാണ്. അതും ഒരു സ്റ്റാര്‍ ഹോട്ടലില്‍ ലുങ്കിയുടുത്ത് പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ഇനിമുതല്‍ ഒരു നാണക്കേടും വിചാരിക്കാതെ ധൈര്യത്തോടെ ലുങ്കിയുമുടത്ത് സ്റ്റാര്‍ ഹോട്ടലില്‍ കയറാം. ഇത്തരത്തില്‍ വസ്ത്രം ധരിച്ചുവരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ചിരിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.

കഴിഞ്ഞ ജൂലൈയില്‍ ലുങ്കി ഉടുത്ത് വന്ന കരീം ചേലമ്പ്ര എന്ന വ്യക്തിയെ സീ ക്യൂന്‍ ഹോട്ടലിലെ ജീവനക്കാര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അന്ന് ലുങ്കി മാര്‍ച്ച് നടത്തിയത് വലിയ വാര്‍ത്തയായി. ഇതിന്റെ ഭാഗമായി സമൂഹം അംഗീകരിക്കുന്ന വേഷവിധാനമായി ലുങ്കിയെ കാണണമെന്ന തരത്തില്‍ സംസ്ഥാനവ്യാപകമായ ചര്‍ച്ചകളും നടന്നു. ഈ സംഭവമാണ് തനത് വസ്ത്രധാരണരീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനെ നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചത്.

വേഷവിധാന രീതികളെയും തനത് ആചാരങ്ങളെയും ബഹുമാനിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാവണമെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ലുങ്കി എന്ന് എടുത്തുപറയുന്നില്ല. നാടന്‍ വേഷവിധാനങ്ങളോടെ വരുന്നവരെ തടയരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടലുകളിലെത്തുന്നവര്‍ക്ക് ഏതുതരത്തിലുളള വേഷവിധാനം തെരഞ്ഞെടുക്കണമെന്ന് സ്വാതന്ത്ര്യം നല്കുന്നതാണ് പുതിയ നിയമമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് വ്യക്തമാക്കി.

Exit mobile version