കൂടത്തായി കൊലപാതക പരമ്പര: 1800 പേജുള്ള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. റോയ് തോമസ് കൊലപാതകത്തില്‍ 1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നാല് പ്രതികളും, 246 സാക്ഷികളും, 322 രേഖകളുമാണ് കേസിലുള്ളത്. മാപ്പ് സാക്ഷികള്‍ ഇല്ല.

കേസില്‍ ജോളി ഒന്നാം പ്രതിയും, മാത്യു രണ്ടാം പ്രതിയും, പ്രജികുമാര്‍ മൂന്നാം പ്രതിയും, മനോജ് നാലാം പ്രതിയുമാണ്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, വില്‍പത്രം തയ്യാറാക്കി വഞ്ചിക്കുക, തെളിവ് നശിപ്പിക്കുക, കള്ളമൊഴി നല്‍കുക, വിഷം കൈയ്യില്‍ വെക്കുക എന്നിവയടക്കം ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ജോളി ജോസഫിനെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്നതിന്റെ തൊട്ട് തലേന്നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. തഹസില്‍ദാര്‍ ജയശ്രീയും, ജോളിയുടെ മാതാപിതാക്കളും, ഷാജുവുമടക്കം 246 സാക്ഷികളുണ്ട്. ജോളിയുടെ മക്കളടക്കമുള്ള 6 പേരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യസ യോഗ്യതയുടെ പേരില്‍ പറഞ്ഞ് തുടങ്ങിയ കള്ളങ്ങള്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് കൊലപാതകങ്ങളിലേക്ക് ജോളി കടക്കാന്‍ കാരണം. പിടിക്കപ്പെട്ടില്ലെങ്കില്‍ ജോളി മൂന്ന് പേരെ കൂടി കൊലപ്പെടുത്തിയേനെയെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്പി പറഞ്ഞു.

Exit mobile version