പ്ലാസ്റ്റിക് നിരോധനം: അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ പേപ്പര്‍ പാത്രത്തില്‍

ആലപ്പുഴ: പുതുവര്‍ഷത്തിലെ പ്ലാസ്റ്റിക് നിരോധനത്തിന് ഒപ്പം ചേര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസവും. അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ- പേപ്പര്‍ നിര്‍മിത പാത്രത്തില്‍ വിതരണം ചെയ്യും. വര്‍ഷങ്ങളായി അമ്പലപ്പുഴ പാല്‍പ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തുവരുന്നത്. ഇത് ഒഴിവാക്കിയാണ് ഉള്ളില്‍ അലുമിനിയം ആവരണമുള്ള പേപ്പര്‍ നിര്‍മിത പാത്രത്തില്‍ പാല്‍പ്പായസം വിതരണം ചെയ്യുന്നത്.

പുതുവത്സരദിനത്തില്‍ പുതിയ പാത്രത്തില്‍ പായസം വിതരണം ചെയ്തു തുടങ്ങി. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി ബൈജു അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാലിന് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാല്‍പ്പായസപാത്രത്തിന്റെ പുറത്ത് ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേല്‍വിലാസവും ക്ഷേത്രത്തിന്റെയും ദേവന്റെയും ചിത്രവും അച്ചടിച്ചിട്ടുണ്ട്. അടപ്പില്‍ ദേവസ്വം ബോര്‍ഡിന്റെ മുദ്രയും പതിയ്ക്കും.

അറുപത് ഡിഗ്രി ചൂടില്‍ പാല്‍പ്പായസം പാത്രത്തിലാക്കി യന്ത്രമുപയോഗിച്ചാണ് അടപ്പ് ഉറപ്പിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിതരണം ചെയ്യുന്ന പായസം പന്ത്രണ്ട് മണിക്കൂര്‍ കേടു കൂടാതെയിരിക്കും.

Exit mobile version