പൊന്നുരുന്നിയില്‍ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കി

കൊച്ചി: പൊന്നുരുന്നിയില്‍ ടാറിട്ട് മണിക്കൂറുകള്‍ക്കകം വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയടച്ചു. കളക്ടര്‍ എസ് സുഹാസിന്റെ മേല്‍നോട്ടത്തിലായിരുന്നു കുഴിയടച്ചത്.

കഴിഞ്ഞ ദിവസമാണ് തമ്മനം-പുല്ലേപ്പടി റോഡില്‍ പൊന്നുരുന്നി ഭാഗത്ത് റോഡ് പൊളിച്ചത്. കേന്ദ്രപദ്ധതി പ്രകാരമുള്ള പൈപ്പിടലിന്റെ ഭാഗമായായിരുന്നു നടപടി. ടാറിംഗ് പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനകമായിരുന്നു റോഡ് പൊളിച്ചത്.

വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാ രണ്ടാഴ്ചയിലും കളക്ടറേറ്റില്‍ എക്‌സിക്യൂട്ടീവ് യോഗം ചേരും. റോഡിലെ കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാമെന്നും കളക്ടര്‍ അറിയിച്ചു.

ഞായറാഴ്ച രാത്രിയോടെ ഈ റോഡിന്റെ ടാറിംഗ് പിഡബ്ല്യുഡി തീര്‍ത്തു. എന്നാല്‍, രാവിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ വലിപ്പമുള്ള കുഴിയാണ് വാട്ടര്‍ അതോറിറ്റി പുത്തന്‍ പുതിയ റോഡില്‍ കുഴിച്ചത്. അമൃത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ടെസ്റ്റിംഗിന് വേണ്ടിയാണ് പൊന്നുരുന്നി പാലത്തിന് സമീപം റോഡിന്റെ മധ്യഭാഗത്ത് തന്നെ പത്ത് അടി നീളത്തില്‍ റോഡ് വെട്ടിപ്പൊളിച്ചത്.

Exit mobile version