രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍; ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്; വിമര്‍ശനവുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്നും വിജയരാഘവന്‍ പറഞ്ഞു.

ഗവര്‍ണര്‍ രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്തിയാല്‍ ഇനിയും വിമര്‍ശിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും ഗവര്‍ണര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ സംസ്ഥാന ബിജെപി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു.

ഗവര്‍ണര്‍, പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version