പൗരത്വ നിയമത്തിലുള്ള പ്രതിഷേധം; ബിജെപിയില്‍ നിന്ന് രാജിവച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി വച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍. പൗരത്വ നിയമത്തില്‍ മുസ്ലിം സമുദായം ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ എനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സയ്യിദ് താഹ ബാഫഖി തങ്ങള്‍ രാജിവെച്ചത്.

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് പല അക്രമങ്ങളും നടക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്. അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാനാണ് എന്റെ തീരുമാനം”, എന്ന് താഹ ബാഫഖി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് അംഗത്വം രാജി വച്ച് അഞ്ച് മാസം മുന്‍പാണ് താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്.
മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്.

Exit mobile version